ചെന്നൈ: കൊവിഡ് ഭീതിയിൽ ലോകം വിറക്കുമ്പോൾ പ്രായം തളത്താത്ത 75 കാരനായ തമിഴ്‌നാട്ടുകാരൻ സൈക്കിളിൽ 650 കിലോമീറ്റർ അഞ്ച് ദിവസം കൊണ്ട് പിന്നിട്ട് സ്വദേശത്തെത്തി. കൊവിഡ് വ്യാപനം കാട്ടുതീ പോലെ പടരുന്ന ചെന്നൈയിൽ നിന്നും പാണ്ഡ്യൻ എന്ന വൃദ്ധനാണ് തിരുനെൽവേലിയിലെ തന്‍റെ ഗ്രാമത്തിൽ സൈക്കിളിൽ എത്തിച്ചേർന്നത്.
തിരുനെൽവേലിയിലെ തേവനായഗപേരി ഗ്രാമവാസിയായ ഇദേഹം കൊച്ചുമകനെ കാണാനായി മാർച്ചിൽ ചെന്നൈയിൽ എത്തിയതാണ്. എന്നാൽ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയതോടെ പാണ്ഡ്യനെന്ന ഗ്രാമവാസി ചെന്നെ എന്ന നഗരത്തിൽ കുടുങ്ങുകയായിരുന്നു. നഗരത്തിനിന്‍റെ ഭ്രാന്തത പാണ്ഡ്യനെ വല്ലാതെ അലട്ടിയതോടെ ആരെയും അറിയിക്കാതെ കൊച്ച് മകന്‍റെ സൈക്കിളും എടുത്ത് ജൂൺ 24ന് ചെന്നൈൽ നിന്നും യാത്ര തിരിച്ചു. യാത്ര മദ്ധ്യേ തനിക്ക് പ്രതിബന്ധങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ലെന്നും ധാരാളം പേർ സഹായിച്ചെന്നും 75 കാരാനായ ചെറുപ്പക്കാരൻ പറയുന്നു. ചെന്നൈയിൽ നിന്നും ടിണ്ടിവനം, വില്ലുപുരം, ട്രിച്ചി, വിരലിമലൈ, മധുര എന്നിവിടങ്ങളിലൂടെയാണ് പാണ്ഡ്യൻ ജൂൺ 29ന് തന്‍റെ ജന്മനാട്ടിലെത്തിയത്. തിരുനെൽവേലിക്കാരനായ പാണ്ഡ്യൻ കേരളത്തിലെ ചങ്ങനാശേരിലെ ഒരു ഹോട്ടൽ ജീനവക്കാരനായി ജോലിനോക്കുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്നും കൊച്ചുമകനെ കാണാൻ ചെന്നൈയിൽ എത്തിയതോടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.