ന്യൂഡൽഹി: ലോക്സഭാ പ്രചാരണങ്ങൾ തകൃതിയായി പുരോഗമിക്കുമ്പോൾ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. മസൂദ് അസറിനെ യു എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ആഘോഷിക്കാൻ പ്രതിപക്ഷത്തിന് വിമുഖതയുണ്ടെന്ന് അരുൺ ജെയ്റ്റ്ലി ആരോപിച്ചു. മോദി സർക്കാരിന്‍റെ പരിശ്രമം ഫലം കണ്ടു. എന്നാൽ രാഷ്ട്ര സുരക്ഷയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് ഇതോടെ വ്യക്തമായെന്നും അരുൺ ജെയ്റ്റ്ലി കൂട്ടിചേർത്തു. കോൺഗ്രസിന്‍റെ നിലപാട് നിരാശയുളവാക്കുന്നതാണെന്നും അരുൺ ജെയ്റ്റ്ലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യുഎൻ പ്രത്യേക വിഭാഗം ബുധനാഴ്ചയാണ് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസഹറിനെ ആഗോള ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഫെബ്രുവരിൽ ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഇത് എല്ലാ ഇന്ത്യാക്കാരനും അഭിമാന നിമിഷമാണെന്നും രാജ്യം മുഴുവൻ മോദി സർക്കാരിന്‍റെ പ്രവർത്തനത്തെ പ്രശംസിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ മൻമോഹൻ സിംഗ് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.