ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത പ്രതിഷേധം നടത്തി പ്രതിപക്ഷ പാർട്ടികൾ. ഗുലാം നബി ആസാദ്, ഡെറക് ഓബ്രിയൻ എന്നിവരുൾപ്പെടെ പ്രതിപക്ഷ എംപിമാർ 'കർഷകരെ സംരക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. പാർലമെന്‍റ് പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയ എംപിമാർ പരിസരത്ത് മാർച്ചും നടത്തി.
ഇന്നലെ സഭയിൽ വാക്ക്ഔട്ട് നടത്തിയ എംപിമാരും ഗുലാം നബി ആസാദിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രക്ഷോഭരംഗത്തുള്ള പ്രതിപക്ഷ എംപിമാര്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ബില്ലിനെതിരായ ആക്ഷേപങ്ങള്‍ പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതിയെ അറിയിക്കും. കര്‍ഷക ബില്ലിന് അംഗീകാരം നല്‍കരുതെന്നും എംപിമാര്‍ അഭ്യര്‍ത്ഥിക്കും. അഞ്ച് പ്രതിപക്ഷ നേതാക്കളെ മാത്രമേ വൈകുന്നേരം അഞ്ച് മണിക്ക് രാഷ്ട്രപതിയെ കാണാൻ അനുവദിക്കു എന്നും വൃത്തങ്ങൾ അറിയിച്ചു.