ന്യൂഡൽഹി: ജമ്മു കശ്മീരിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും കരുതൽ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി എട്ട് പ്രതിപക്ഷ പാർട്ടികൾ. ജനാധിപത്യ മാനദണ്ഡങ്ങൾ, മൗലികാവകാശങ്ങൾ, പൗരന്മാരുടെ സ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. വിയോജിപ്പുകൾ തടയുക മാത്രമല്ല, വിമർശനാത്മക ശബ്ദങ്ങൾ വ്യവസ്ഥാപിതമായി നിശബ്ദമാക്കുകയും കൂടിയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം അനുവദിച്ച ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി സർക്കാർ നിർത്തലാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ഓഗസ്റ്റ് മുതൽ മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തടങ്കലിലാണ്.