കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം താമരതിളക്കവുമായി പശ്ചിമ ബംഗാൾ. വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂട്ട പ്രവേശത്തിന് സാക്ഷിയായിരിക്കുകയാണ് ബംഗാൾ രാഷ്ട്രീയം. രണ്ട് തൃണമൂൽ എംഎൽഎമാരും ഒരു സിപിഎം എംഎൽഎയുമടക്കം മൂന്ന് നേതാക്കളടക്കമുള്ളവരുടെ കൂട്ടയൊഴുക്കാണ് ബംഗാളിൽ സംഭവിച്ചത്. ഇതിനോടൊപ്പം തൃണമൂൽ കോൺഗ്രസിൽ നിന്ന് 50 കൗൺസിലർമാരും ബിജെപിയിലെത്തി.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബംഗാൾ ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയയുടേയും മുകുൾ റോയുടേയും നേതൃത്വത്തിലാണ് തൃണമൂൽ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുകുൾ റോയിയുടെ മകൻ സുബ്രാൻഷു റോയി, തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയിലെത്തിയ തൃണമൂൽ എംഎൽഎമാർ. മുകുൾ റോയി നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ദേബേന്ദ്ര റോയിയാണ് ബിജെപിയിലേക്കെത്തിയ സിപിഎം എംഎൽഎ.
"ലോക്സഭാ തെരഞ്ഞെടുപ്പ് ബംഗാളിൽ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബിജെപിലേക്കുള്ള വരവും ഏഴു ഘട്ടങ്ങളായി നടക്കും. ഇത് ഒന്നാം ഘട്ടം മാത്രമാണ്. ഭാവിയിൽ കൂടുതൽ നേതാക്കൾ ബിജെപിലേക്ക് ചേക്കേറും" ബംഗാൾ ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ പറഞ്ഞു.