ശ്രീനഗര്‍: ഇന്ത്യന്‍ ഭരണഘടനയിലെ 370, 35-എ വകുപ്പുകള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ സമ്പൂര്‍ണ വാര്‍ത്താ വിനിമയ അടച്ചു പൂട്ടലും നടപ്പാക്കി. ലാന്‍ഡ് ലൈനുകള്‍ മൊബൈല്‍ ഫോണുകള്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ എന്നിവ നിര്‍ത്തലാക്കിയത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ ഭയന്നതുകൊണ്ടാണെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍റെ നൽകുന്ന വിവരം.
എന്നാല്‍ ഇന്‍റര്‍നെറ്റ് തടസപ്പെട്ട് ഏഴ് മാസങ്ങള്‍ക്ക് ശേഷം അത് തിരിച്ചു വന്നു എങ്കിലും 2ജി വേഗത മാത്രമാണ് ഉണ്ടായിരുന്നത്. അതിവേഗ 4ജി ഇന്‍റര്‍നെറ്റ് സേവനം ഒരു വര്‍ഷം കഴിഞ്ഞിട്ടും പുനസ്ഥാപിക്കപ്പെട്ടില്ല. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തക, ബിസിനസുകാര്‍, വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, ഡോക്ടര്‍മാര്‍, മറ്റ് ജനങ്ങള്‍ എന്നിവരെല്ലാം തന്നെ കടുത്ത ബുദ്ധിമുട്ടുകളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വാര്‍ത്താ വിനിമയ നിരോധനത്തിന്‍റെ ആദ്യ ദിനം മുതല്‍ തന്നെ അതിന്‍റെ പ്രയാസങ്ങള്‍ അനുഭവിച്ചു വരുന്നു പ്രാദേശിക പത്ര പ്രവര്‍ത്തകര്‍.
“ഏഴ് നീണ്ട മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചപ്പോള്‍ അതിവേഗ ഇന്‍റര്‍നെറ്റും പുനസ്ഥാപിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. താഴ്‌വരയിലെ സ്ഥിതി ഗതികള്‍ ശാന്തമാകുന്നതോടു കൂടി 4ജി ഇന്‍റര്‍നെറ്റ് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ അത് ഈ ദിവസം വരെയും ഉണ്ടായിട്ടില്ല,'' ദേശീയ മാധ്യമ സ്ഥാപനത്തിലെപത്ര പ്രവര്‍ത്തകന്‍ വസീം നബി പറയുന്നു. ഈ സ്ഥിതി ദുഖകരമെന്നു മാത്രമല്ല, അപലപനീയവുമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.
വിദ്യാഭ്യാസ മേഖല ഇക്കാരണത്താല്‍ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന് മാത്രമല്ല, വിദ്യാർഥികള്‍ കടുത്ത വിഷാദത്തിലാണ്. മഹാമാരിയുടെ വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാർഥികള്‍ക്ക് ഓണലൈന്‍ ക്ലാസുകള്‍ പ്രഖ്യാപിച്ചു. പക്ഷെ ജമ്മു കശ്മീരിലെ ഒച്ചിന്‍റെ വേഗതയുള്ള ഇന്‍റര്‍നെറ്റ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കയാണ്. കശ്മീരില്‍ ഏതാണ്ട് 15 ലക്ഷം വിദ്യാർഥികള്‍ നിലവില്‍ സ്വകാര്യ, സര്‍ക്കാര സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് വേഗതയില്‍ ഇടക്കിടെ തടസം നേരിടുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ ഒന്നും തന്നെ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ പറ്റുന്നില്ല. റെക്കോര്‍ഡ് ചെയ്യപ്പെട്ട ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് വിദ്യാർഥികള്‍ പരാതിപ്പെടുന്നു.
“വിദ്യാഭ്യാസത്തിനു പകരം വിഷാദമാണ് അത് നല്‍കുന്നത്,'' ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഇന്‍റര്‍നെറ്റ് വിദ്യാഭ്യാസത്തിന്‍റെ ഒരു പ്രധാന സ്രോതസ്സായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ ഈ സംസ്ഥാനത്ത് ഏതാണ്ട് ഒരു വര്‍ഷമായി ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല.
“താഴ്‌വരയില്‍ ലഭ്യമായ 2ജി ഇന്‍റര്‍നെറ്റ് കൊണ്ട് വിദ്യാർഥികള്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. മത്സര പരീക്ഷകള്‍ക്കുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വലിയ തോതിലാണ് ബാധിക്കപ്പെട്ടിരിക്കുന്നത്,'' ഒരു നീറ്റ് പരീക്ഷാര്‍ഥിയായ ഫലക് ഇടിവി ഭാരതിനോട് പറഞ്ഞു.
ഏതാണ്ട് 12 മാസങ്ങളോളമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്. 2019 ഓഗസ്റ്റ് 5 മുതല്‍ ഏറ്റവും അധികം പ്രത്യാഘാതം ഉളവായിട്ടുള്ളത് വിദ്യാഭ്യാസ സംവിധാനത്തിനു സമ്പദ് വ്യവസ്ഥക്കും മേലാണ്. അതിവേഗ ഇന്‍റര്‍നെറ്റ് സേവനമില്ലാത്തത് സമ്പദ് വ്യവസ്ഥയെ തീര്‍ത്തും താറുമാറാക്കിയിരിക്കുന്നു. ഇതിനിടയില്‍ അടുത്ത പുനരവലോകനം വരാനിരിക്കുന്ന രണ്ട് മാസങ്ങളില്‍ പ്രത്യേക പാനല്‍ നടത്തുമെന്നും അതില്‍ ജമ്മു കശ്മീരിലെ അതിവേഗ 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ കാര്യവും പരിഗണിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു.