ശ്രീനഗർ: വെള്ളിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളിൽ ഒരാൾ കഴിഞ്ഞ ഒന്നര വർഷമായി തീവ്രവാദ പ്രവർത്തനങ്ങൾ സജീവമായ പങ്കെടുക്കുന്ന പാകിസ്ഥാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞതായി സൈന്യം.
മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി കുൽഗാം പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് കുൽഗാം പൊലീസും കരസേനയും സിആർപിഎഫും പ്രദേശം വളയുകയായിരുന്നെന്നും ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും, മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തതായി കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
കുൽഗാമിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ 'വാലിദ്' എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ കുൽഗാമിൽ സജീവമായിരുന്നെന്നും ഐ.ജി കുമാർ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരൻ നാല് തവണ സൈന്യത്തിന്‍റെ കയ്യിൽ നിന്നും രക്ഷപ്പെട്ടതായും ഇയാൾ പിടികിട്ടാ പുള്ളിയായിരുന്നെന്നും ഐ.ജി കുമാർ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ കുൽഗാമിലെ നാഗ്നാദ്-ചിമ്മർ പ്രദേശത്ത് വെള്ളിയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഐഇഡി വിദഗ്ദ്ധനുൾപ്പെടെ മൂന്ന് ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.