ചണ്ഡിഗഡ്: ഹരിയാനയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 594 ആയി. കൊവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരിച്ചു. പാനിപട്ട് സ്വദേശിയായ 25 കാരനാണ് തിങ്കളാഴ്ച വൈറസ് ബാധിച്ച് മരിച്ചത്. പുതിയ 46 കേസുകളിൽ 20 എണ്ണം ഡൽഹിയോട് ചേർന്നുള്ള ഗുഡ്ഗാവിൽ നിന്നാണ്. ദേശീയ തലസ്ഥാനത്തിന്‍റെ അതിർത്തിയിലുള്ള ജില്ലകളിൽ കേസുകളിൽ വർധനയുണ്ടായതായി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അടുത്തിടെ ഡൽഹിയുമായുള്ള അതിർത്തി അടച്ചിരുന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിൽ 75 കേസുകൾ ഉൾപ്പെടെ 200 ലധികം കേസുകൾ ഹരിയാനയിൽ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ 100 കടന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാണ് ഗുഡ്ഗാവ്. ജില്ലയിൽ ഇതുവരെ 104 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 53 എണ്ണം സജീവ കേസുകളാണ്. സോണിപട്ടിൽ നിന്ന് മൂന്ന് കേസുകളും ഫരീദാബാദിൽ നിന്ന് രണ്ട്, ജജ്ജറിൽ നിന്ന് ആറ്, പാനിപട്ടിൽ അഞ്ച്, അംബാലയില്‍ നാല് കേസുകളും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ നാന്ദേഡിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തീർത്ഥാടകരാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 327 ആണ്. 260 പേരെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.