ന്യൂഡല്‍ഹി: യു.എസ് കോൺഗ്രസിന്‍റെ വിദേശകാര്യ ഉപസമിതിയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തത് പാക്കിസ്ഥാന് അനുകൂലമാകുന്ന രീതിയിലാണെന്ന് മാധ്യമപ്രവര്‍ത്തകയും ഇന്ത്യന്‍ പ്രതിനിധിയുമായ ആരതി ടിക്കു സിങ്. കശ്മീരിലെ മുസ്ലീങ്ങള്‍ ഏറ്റവുമധികം പീഡനം സഹിച്ചത് പാക്കിസ്ഥാന്‍റെ അറിവോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കാരണമാണെന്നും യുഎസ് കോണ്‍ഗ്രസില്‍ അവര്‍ ആരോപിച്ചു. പാകിസ്ഥാന് അനുകൂലമായി നടത്തിയ നാടകം എന്ന രീതിയിലാണ് ചര്‍ച്ചയെ ആരതി വിശേഷിപ്പിച്ചത്. ദക്ഷിണേഷ്യയിലെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ചാണ് സമിതിയില്‍ ചര്‍ച്ച നടന്നത്.
കശ്മീരില്‍ നിന്നെത്തിയ ആരതി ഇന്ത്യന്‍ വാദങ്ങള്‍ ഉയര്‍ത്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയ്ക്കിടെ യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറുമായി പല ഘട്ടങ്ങളിലും ആരതി കയര്‍ക്കുകയും െചയ്തു. ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ തുടരുന്ന അവസ്ഥയെ കുറിച്ച് യു.എസ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി. ചര്‍ച്ച ഇന്ത്യക്കെതിരായ മുന്‍വിധിയോടെ മാത്രം സംഘടിപ്പിച്ചതാണ്. പാകിസ്ഥാന്‍ കൊലപ്പെടുത്തിയ 15,000 കശ്മീരി മുസ്ലീങ്ങള്‍ക്കും കശ്മീര്‍ ഉപേക്ഷിക്കേണ്ടി വന്ന മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകള്‍ക്കുമെല്ലാം എതിരായാണ് ഈ ചര്‍ച്ച.
കശ്മീരില്‍ വീട്ടുതടങ്കലിലുള്ള നേതാക്കളെയും ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണമെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും യു.എസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങള്‍ കശ്മീരിലെ യഥാര്‍ഥ അവസ്ഥ വളച്ചൊടിച്ചെന്നാണ് മറുപടി നല്‍കിയത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ജെയ്ഷെ ഇ മുഹമ്മദിന്‍റെ ക്രൂരതകള്‍ ചര്‍ച്ചയില്‍ ആരതി ഉന്നയിച്ചിരുന്നു. ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൊഫസറായ നിതാഷ കൗള്‍ കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി പ്രതികരിച്ചിരുന്നു.