ദിസ്‌പൂർ: അസം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഓയിൽ ഇന്ത്യ ലിമിറ്റഡിന് കീഴിലെ ബഗ്‌ജാൻ ഓയിൽ ഫീൽഡിന്‍റെ നിർമാണപ്രവർത്തനങ്ങൾ അടച്ചുപൂട്ടാനുള്ള അസം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ(പിസിബി) നോട്ടീസിനെതിരെ ഗൗഹട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ്(ഒഐഎൽ) അറിയിച്ചു. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് വെള്ളിയാഴ്‌ചയാണ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന നോട്ടീസ് പിസിബി നൽകുന്നത്.
പിസിബിയുടെ ചോദ്യങ്ങൾക്ക് ഒഐഎൽ വിശദമായ മറുപടി അയച്ചിരുന്നു, തുടർന്ന് നോട്ടീസ് പിൻവലിക്കാനും ആവശ്യപ്പെട്ടു. അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ബഗ്‌ജാൻ ഓയിൽ ഫീൽഡിൽ ഈ മാസം ഒമ്പതിനുണ്ടായ തീപിടിത്തത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. തുടർന്ന് കഴിഞ്ഞ 15 വർഷമായി ബഗ്‌ജാനിൽ നടക്കുന്ന ഓയിൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടി പിസിബി ജൂൺ പത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിൽ ഒഐഎൽ ജൂൺ 18 ലേക്ക് സാവകാശം തേടിയെങ്കിലും പിസിബി നിരസിച്ചു. ബഗ്‌ജാൻ ഓയിൽഫീൽഡിൽ ആകെ 22 കിണറുകളുണ്ട്. 18 എണ്ണം ക്രൂഡിനും, നാലെണ്ണം വാതകത്തിനും ഉപയോഗിക്കുന്നു. 2003 മുതൽ ഓയിൽഫീൽഡ് പ്രവർത്തിക്കുകയാണ്.
എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിന് മുമ്പ് പിസിബിയെ സമീപിച്ചിരുന്നുവെന്നും പിസിബിയുടെ സമ്മതം വാങ്ങാതെ കമ്പനി അസമിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും ഒഐഎൽ വക്താവ് ത്രിദിവ് ഹസാരിക പറഞ്ഞു. നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നും പിസിബി ആരോപിച്ചു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന പിസിബി എന്നിവയിൽ നിന്ന് 2006 ലെ ഇഐഎ വിജ്ഞാപനവും അനുബന്ധ നിയമ വ്യവസ്ഥകളും അനുസരിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ശരിയായ സുരക്ഷയും മുൻകരുതൽ നടപടികളും ഇല്ലാതെ ഉൽപാദനം നടത്തുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു, ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഡിബ്രു-സൈഖോവ നാഷണൽ പാർക്കിന്‍റെയും മഗൂരി-മോട്ടാപുംഗ് തണ്ണീർത്തടങ്ങളുടെയും ജലജീവികളുടെയും നാശത്തിനും ഇത് കാരണാകുന്നു. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം നേരിടുന്നുണ്ടെന്നും പിസിബി ആരോപിച്ചു. അതേസമയം പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഒഐഎൽ, ടിൻസുകിയ ജില്ലാ ഭരണകൂടം, യുവ സംഘടന അംഗങ്ങൾ എന്നിവർ ശനിയാഴ്‌ച യോഗം ചേർന്നു. സംഭവത്തിൽ സർക്കാർ നിയന്ത്രണം തുടരുന്നതായും ബന്ദും ഉപരോധവും ഉൽപാദനത്തെ വലിയ തോതിൽ ബാധിക്കുന്നതായും ഹസാരിക പറഞ്ഞു.