ഭുവനേശ്വര്‍: ഒഡിഷയില്‍ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. എൻഡിആർഎഫ് ജവാൻ ഉൾപ്പെടെ 170 പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,350 ആയി ഉയര്‍ന്നു.
68കാരനായ ആളാണ് ഗഞ്ചം ജില്ലയില്‍ ശനിയാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. രക്തസമർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ള ആളാണ് മരിച്ചത്. ഗഞ്ചം ജില്ലയില്‍ ഒമ്പത് കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ഖുർദയിൽ നാല് പേരും കട്ടക്കില്‍ മൂന്ന് പേരും ബര്‍ഗഡ്, പുരി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ ആറിന് ഭുവനേശ്വറിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമുണ്ടായത്.
170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 143 പേരും ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ കഴിയുന്നവരായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നവരായിരുന്നു ഇവര്‍. 14 ജില്ലകളിൽ നിന്നാണ് 169 കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഒരാൾ എൻഡിആര്‍എഫ് ഉദ്യോഗസ്ഥനാണ്. ഇയാൾ പശ്ചിമ ബംഗാളില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ഗഞ്ചം ജില്ലയില്‍ 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയ 18 മുൻനിര പ്രവര്‍ത്തകര്‍ ഉൾപ്പെടുന്നു. അതേസമയം ഒഡിഷയില്‍ 1,903 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,422 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 2,49,908 സാമ്പിളുകൾ പരിശോധിച്ചു.