തൃശൂര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കേരള ഘടകത്തിന്‍റെ 67-ാം സംസ്ഥാന സമ്മേളനം ഇമാകോണ്‍-2024 സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം തൃശൂർ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് സമാപിച്ചത്. സമാപന പൊതുസമ്മേളനം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്‌തു. ഐ എം എ സംസ്ഥാന പ്രസിഡന്‍റ് ഡോ ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ പുരസ്‌ക്കാരങ്ങളും വിതരണം ചെയ്‌തു.
സംസ്ഥാനത്തെ മികച്ച ഐ എം എ ബ്രാഞ്ചിനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ നേടി. ഡോ ലിസ തോമസ് (കോതമംഗലം ബ്രാഞ്ച്), ഡോ. ജോസഫ് ജോര്‍ജ് (തൃശൂര്‍ ബ്രാഞ്ച്) എന്നിവര്‍ക്കാണ് മികച്ച ഐ എം എ ബ്രാഞ്ച് പ്രസിഡന്‍റിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. കോഴിക്കോട് ബ്രാഞ്ചിനാണ് ഐ എം എയുടെ മികച്ച വനിതാ വിങ്ങിനുള്ള പുരസ്‌ക്കാരം. ഐ എം എയുടെ മുതിര്‍ന്ന നേതാക്കളായ ഡോ എ മാര്‍ത്താണ്ഡ പിള്ള, ഡോ ബാബു രവീന്ദ്രന്‍ എന്നിവര്‍ക്ക് വിശിഷ്‌ട സേവാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
ഐ എം എ ദേശീയ പ്രസിഡന്‍റ് ഡോ ആര്‍ വി അശോകന്‍, ഐ എം എ മുന്‍ ദേശീയ പ്രസിഡന്‍റ് ഡോ എ മാര്‍ത്താണ്ഡ പിള്ള, ഐ എം എ നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ഡോ കെ എ ശ്രീവിലാസന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ ജെയിന്‍ ചിമ്മന്‍, ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ കെ ശശിധരന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ പി ഗോപികുമാര്‍, സംഘാടക സമിതി സെക്രട്ടറി ഡോ ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
2024-25 വര്‍ഷത്തേക്കുള്ള പുതിയ ഐ എം എ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഐ എം എ ദേശീയ പ്രസിഡന്‍റ് ഡോ ആര്‍ വി അശോകനാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ കെ എ ശ്രീവിലാസന്‍ (പ്രസിഡന്‍റ്), ഡോ കെ ശശിധരന്‍ (സെക്രട്ടറി), ഡോ റോയ് ആര്‍ ചന്ദ്രന്‍ (ട്രഷറര്‍), ഡോ അജിത പി എന്‍, ഡോ സുദര്‍ശന്‍ കെ, ഡോ മദന മോഹനന്‍ നായര്‍ ആര്‍ (വൈസ് പ്രസിഡന്‍റ്), ഡോ സണ്ണി ജോര്‍ജ് എലുവത്തിങ്കള്‍, ഡോ അലക്‌സ് ഇട്ടിച്ചെറിയ, ഡോ എ പി മൊഹമ്മദ്, ഡോ മോഹന്‍ റോയ് ടി (ജോയിന്‍റ് സെക്രട്ടറി) എന്നിവർ ഐഎംഎയുടെ പുതിയ സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റു.
ഐ എം എ തൃശൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഐ എം എയുടെ 115 ബ്രാഞ്ചുകളില്‍ നിന്നായി അയ്യായിരത്തോളം ഡോക്‌ടര്‍മാര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും മുന്നോറോളം പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തിയിരുന്നു. പൊതുജനാരോഗ്യം - ആശങ്കാജനകമായ പ്രവണതകള്‍, സുരക്ഷിതമായ ഭക്ഷണ സംസ്‌ക്കാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ശില്‍പ്പശാലകളും നടന്നു. ആരോഗ്യ രംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് എഴുപതോളം സ്‌റ്റാളുകളും ഒരുക്കിയിരുന്നു.