മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതേതൊക്കയെന്ന് അറിഞ്ഞിരിക്കാം.
മൂന്നാർ
പച്ചപ്പ് പുതച്ച മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിനെ അതിമനോഹരമാക്കുന്നു. ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നവംബർ, ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരിടമാണ് മൂന്നാർ. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ മൂന്നാറിനോളം മികച്ചൊരിടം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞാൽ തെറ്റില്ല. മാട്ടുപ്പെട്ടി അണക്കെട്ട്, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് മുന്നാറിലാണ്. അതിനാൽ തന്നെ പ്രകൃതിയെ അടുത്തറിയാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കിടയിൽ മൂന്നാർ എന്നും പ്രിയപ്പെട്ടതാണ്.
വയനാട്
സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരിടമാണ് വയനാട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് വന്യമായ പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ടതാണ്. ചരിത്രങ്ങൾ തേടി അലയുന്ന സഞ്ചാരികൾക്കും സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും വയനാട് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്രാതീത ഗുഹകൾ എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നവയാണ്. എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, വയനാട് വന്യജീവി സങ്കേതം, ഹൃദയതടാകം, പൂക്കോട് തടാകം, ബാണാസുര അണക്കെട്ട് തുടങ്ങിയവയാണ് വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.
വാഗമൺ
ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും.
മലക്കപ്പാറ
പ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള - തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.
പൊന്മുടി
മനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ എന്നിവയാൽ പ്രകൃതിരമണീയമാണ് ഇവിടം. പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിൻ്റ്, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ട്രെക്കിങ്ങിനായുള്ള അവസരവും പൊന്മുടിയിലുണ്ട്.
Also Read: യാത്രകൾ മനോഹരമാക്കാൻ ഇതിലെ വരൂ; ഇതാ കേരളത്തിലെ 6 ജനപ്രിയ റൂട്ടുകൾ