ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജില്ലയില്‍ 60കാരൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നയാളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 12 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 18 ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ 179 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4,856 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,543 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,297 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. ഇവിടെ 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖുര്‍ജ ജില്ലയില്‍ 27 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. ഒഡിഷയിലെ 30 ജില്ലകളിൽ 15 എണ്ണത്തിലും നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ദേശീയ ദുരന്ത നിവാരണ സേനയില്‍ കൊവിഡ് ബാധിച്ച 50 പേര്‍ക്ക് രോഗം ഭേദമായതായി ഡി.ജി എസ്.എൻ പ്രധാൻ അറിയിച്ചു. 11 അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരും ഇതിനോടകം കൊവിഡ് മുക്തരായി.