ഭുവനേശ്വർ: ഒഡീഷയിൽ 1,474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,95,889 ആയി. 12 രോഗികളാണ് പുതുതായി വൈറസിന് കീഴടങ്ങിയത്. ഇതോടെ ഒഡീഷയിലെ മൊത്തം മരണസംഖ്യ 1,364 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകളിൽ 855 പേർ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവരും 619 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുമാണ്. ഏറ്റവും കൂടുതൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് തലസ്ഥാന നഗരി ഭുവനേശ്വർ ഭാഗമായ ഖുർദ ജില്ലയിലാണ്. കട്ടക്, സുന്ദർഗഡ് എന്നിവിടങ്ങളിലും കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
ഖുറദ ജില്ലയിൽ ഇതുവരെ 236 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഗഞ്ചമിൽ 230 രോഗികളും കട്ടക്കിൽ 113 രോഗികളും വൈറസിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു. മറ്റ് അസുഖങ്ങൾ കാരണം ഇതുവരെ 53 കൊവിഡ് ബാധിതർ മരിച്ചു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 13,919 ആണ്. 2,80,553 പേർക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ ദിവസത്തെ 48,947 സാമ്പിളുകൾ ഉൾപ്പടെ ഒഡീഷയിൽ ഇതുവരെ 47.36 ലക്ഷം സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.