ഹൈദരാബാദ്: കളിക്കളത്തിലെ കായിക താരങ്ങളുടെ ആരോഗ്യനില തല്‍സമയം അറിയാന്‍ പുതിയ ഉപകരണം. വാച്ചിന്‍റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഉപകരണം കയ്യില്‍ കെട്ടിയാല്‍ ഒരാളുടെ ശരീരത്തിന്‍റെ അവസ്ഥയെക്കുറിച്ചും, കായിക ബലത്തെക്കുറിച്ചും അറിയാനാകും. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വാച്ച് കെട്ടിയ ആള്‍ക്ക് ഉണ്ടാവുകയാണെങ്കില്‍ വാച്ചുമായി ബന്ധിപ്പിച്ചിരിക്കുന്ന മോണിറ്ററില്‍ അത് രേഖപ്പെടുത്തും. കായിക താരങ്ങള്‍ക്ക് പുറമേ സൈനികരുടെ ശാരീരിക ക്ഷമത പരിശോധിക്കുന്നതിനും ഇത് പ്രയോജനപ്പെടും. ബയോസെന്‍സേഴ്‌സ് ബയോ ഇലക്‌ട്രോണിക്സ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തലുകളെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരടങ്ങുന്ന സംഘമാണ് കണ്ടെത്തലിന് പിന്നില്‍.
വാച്ച് കെട്ടിയിരിക്കുന്നയാളുടെ രക്തസമ്മര്‍ദം അടിസ്ഥാനമാക്കിയാണ് ആരോഗ്യനില പരിശോധിക്കുന്നത്. ഒപ്പം ശരീരത്തിലെ വിയര്‍പ്പിലെ ഘടകങ്ങളും മോണിറ്റര്‍ ചെയ്യപ്പെടും. ഇത് വഴി ശരീരത്തിലെ ഗ്ലൂക്കോസ്, ലാക്‌ടേറ്റ്, ഊഷ്‌മാവ്, പിഎച്ച് എന്നിവ മനസിലാക്കാനാകും. വിവിധ മേഖലകളില്‍ പ്രയോജപ്രദമായ ഈ വാച്ചില്‍ നിലവില്‍ ലാബുകളില്‍ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരീക്ഷണ സംഘത്തിലെ രണ്ടാമനും കരോലിന സ്‌റ്റേറ്റ് സര്‍വകലാശാലയിലെ അധ്യാപകനുമായ മൈക്കള്‍ ഡാനിയേല്‍ പറഞ്ഞു.