ന്യൂഡൽഹി: കൊവിഡിന് കാരണമാകുന്ന സാഴ്സ് കോവ് 2 വൈറസ് മനുഷ്യ ചർമ്മത്തിൽ ഒൻപത് മണിക്കൂർ നീണ്ടുനിൽക്കുമെന്നും ഇത് ഇൻഫ്ലുവൻസ വൈറസിന്‍റെ ദൈർഘ്യത്തെക്കാൾ വളരെ കൂടുതലാണെന്നും പഠനം. ഇൻഫ്ലുവൻസ എ വൈറസ് (ഐഎവി) രണ്ട് മണിക്കൂറോളമാണ് മനുഷ്യ ചർമ്മത്തിൽ നിലനിൽക്കുന്നതെന്ന് ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ഉൾപ്പെടെയുള്ള ഗവേഷകർ പറഞ്ഞു.
ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, രണ്ട് വൈറസുകളും സാനിറ്റൈസർ ഉപയോഗിച്ചാൽ ചർമ്മത്തിൽ അതിവേഗം പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തി. കൊവിഡ് വ്യാപിക്കുന്നത് തടയാൻ കൈ കഴുകുന്നതിന്‍റെയോ സാനിറ്റൈസർ ഉപയോഗിക്കുന്നതിന്‍റെയോ പ്രാധാന്യം ഈ കണ്ടെത്തൽ അടിവരയിടുന്നു.
മനുഷ്യർക്ക് വൈറൽ എക്സ്പോഷറിന്‍റെ അപകടങ്ങൾ കണക്കിലെടുത്ത് മനുഷ്യ ചർമ്മത്തിൽ സാഴ്സ് കോവ് 2ന്‍റെ സ്ഥിരത അജ്ഞാതമായി തുടരുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. മനുഷ്യ ചർമ്മത്തിന്‍റെ ഉപരിതലത്തിൽ കൾച്ചർ മീഡിയം അല്ലെങ്കിൽ അപ്പർ റെസ്പിറേറ്ററി മ്യൂക്കസ് കലർത്തിയ സാഴ്സ് കോവ് 2, ഐഎവി എന്നിവയുടെ സ്ഥിരതയും അവർ വിലയിരുത്തി.
സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയ മറ്റ് ഉപരിതലങ്ങളെ അപേക്ഷിച്ച് ചർമ്മ പ്രതലങ്ങളിൽ സാഴ്സ് കോവ് 2, ഐഎവി എന്നിവ വളരെ വേഗത്തിൽ പ്രവർത്തനരഹിതമാണെന്ന് പഠനം കണ്ടെത്തി.