ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ 2016ന് മുമ്പ് നടത്തിയ മിന്നലാക്രമണത്തിന്‍റെ യാതൊരു വിവരങ്ങളും തങ്ങളുടെ പക്കലില്ലെന്ന് മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ. ജമ്മു കശ്മീരിലെ സാമൂഹ്യപ്രവർത്തകനായ രോഹിത് ചൗധരി സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2004 മുതൽ 2014 വരെ എത്ര മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും 2014ന് ശേഷം ഏതൊക്കെ വിജയിച്ചെന്നുമുള്ള ചോദ്യങ്ങൾ അപേക്ഷയിൽ ഉന്നയിച്ചിരുന്നു.
ഇന്ത്യൻ സൈന്യം 2016 സെപ്റ്റംബർ 29ന് നിയന്ത്രണരേഖക്കപ്പുറത്ത് നടത്തിയ മിന്നലാക്രമണത്തെ പറ്റി മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ടിരുന്ന ഒരു സൈനികന് പോലും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. യുപിഎ സർക്കാരിന്‍റെ കാലത്ത് നിരവധി തവണ മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അവകാശപ്പെട്ടിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തിയിരുന്നു.