നോയിഡ: നോയിഡയിലെ ശ്രീറാം മില്ലേനിയം സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിടാനും വാർഷിക പരീക്ഷ മാറ്റിവയ്ക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച ഒരു വിദ്യാർഥിയുടെ രക്ഷകർത്താവിന് കൊവിഡ്-19 പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സ്‌കൂളിലെ 40 വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കിയതായും ഇവരെ 28 ദിവസത്തേക്ക് ഐസൊലാഷൻ വാർഡിലേക്ക് മാറ്റിയതായും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
കൊവിഡ്-19നെ തുടർന്ന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിനെ ശുചിത്വവത്കരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതായും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മാതാപിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സംഭവം അറിഞ്ഞതെന്നും അതോടെ പരീക്ഷ റദ്ദാക്കി സ്കൂൾ ശുചിത്വവൽക്കരണത്തിനായി അടച്ചിടുകയും ചെയ്തു.
അതേസമയം ബോർഡ് പരീക്ഷകൾ സാധാരണപോലെ തുടരും. 7 മുതൽ 11 ക്ലാസുകളില്‍ ആവശ്യമെങ്കില്‍ അധിക ക്ലാസുകൾ വയ്ക്കുമെന്നും ആറാം ക്ലാസ്, ഐജിസിഎസ്ഇ ക്ലാസുകൾ പഠന അവധിയിലും തുടർന്ന് പ്രത്തിക്കുമെന്നും സ്കൂൾ അധികൃതര്‍ അറിയിച്ചു.