നോയിഡ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഗൗതം ബുദ്ധ നഗർ പൊലീസ് ഞായറാഴ്ച 64 പേരെ അറസ്റ്റ് ചെയ്യുകയും 1,904 വാഹന ഉടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 24 മണിക്കൂറിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 22 വാഹനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
കൊവിഡ് വ്യാപനം പരിശോധിക്കാൻ ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച രാത്രി 10 മുതൽ ജൂലൈ 13ന് പുലർച്ചെ അഞ്ച് വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. നാലിലധികം ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിക്കുന്ന ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർപിസി) സെക്ഷൻ 144 ഗൗതം ബുദ്ധ നഗറിൽ പ്രാബല്യത്തിൽ ഉണ്ട്. ജില്ലയിലെ നഗരപ്രദേശങ്ങൾ റെഡ് സോണിൽ ഉൾപ്പെടുന്നു. നോയിഡ-ഡൽഹി അതിർത്തി അടച്ചിരിക്കുകയാണ്. അവശ്യ സേവന തൊഴിലാളികൾക്കും ജില്ലാ ഭരണകൂടത്തിന്‍റെ പാസുള്ള ആളുകൾക്കും മാത്രമേ അതിർത്തി കടക്കാൻ അനുവാദമുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊവിഡ്, വായു മാർഗം പരത്തുന്ന മറ്റ് രോഗങ്ങൾ എന്നിവ തടയുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ പരിശോധന ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു. നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലുടനീളമുള്ള ഷോപ്പിങ് മാളുകൾ ഉൾപ്പെടെ എല്ലാ കടകളും ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും ജൂലൈ 13 വരെ അടച്ചിടുമെന്ന് ഗൗതം ബുദ്ധ നഗർ ഭരണകൂടം അറിയിച്ചു.