ബെംഗളൂരു: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിപ്രോ ടെക്‌നോളജീസ്. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുക, എണ്ണം കുറക്കുക എന്നിവയുമായി ബന്ധപ്പെട്ട് പൂനെ ലേബർ കമ്മിഷൻ വിപ്രോയ്ക്ക് നോട്ടീസ് അയച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്ക് വിപ്രോ മറുപടി നൽകി.
ജീവനക്കാരെ സംബന്ധിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. വിവിധ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, പുതിയ പദ്ധതികൾ ലഭിക്കാനുള്ളവർക്കും ശമ്പളത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. കൂടാതെ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ല. ജീവനക്കാരുടെ സംരക്ഷണത്തിൽ കമ്പനിക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടെന്നും വിപ്രോ ഇ-മെയിലിലൂടെ മറുപടി അറിയിച്ചു. തൊഴിൽ വകുപ്പിൽ നിന്ന് വിപ്രോയ്ക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ആവശ്യമെങ്കിൽ കമ്പനിയുടെ തീരുമാനം കമ്മിഷനെ അറിയിക്കുമെന്നും വിപ്രോ വ്യക്തമാക്കി.