ന്യൂഡല്‍ഹി: പൊതുജനാരോഗ്യത്തിന് അനിവാര്യമാണ് ഓക്‌സിജന്‍ എന്നും അതിന്‍റെ വിതരണത്തിലുണ്ടാകുന്ന തടസം കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓക്‌സിജൻ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും അവർ താമസിക്കുന്ന സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മാത്രം വിതരണം പരിമിതപ്പെടുത്താൻ നിയന്ത്രണങ്ങളില്ലെന്നും വ്യക്തമാക്കി.
സജീവമായ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓക്‌സിജന്‍റെ ഉപയോഗവും വർദ്ധിക്കും. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്‌റ്റ് എന്നീ വ്യവസ്ഥകൾ ഉപയോഗിച്ച് ചില സംസ്ഥാനങ്ങൾ അതത് സംസ്ഥാനങ്ങളിലെ ഉൽപാദന യൂണിറ്റുകളിൽ നിന്നുള്ള ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിതരണത്തെ തടയാൻ ശ്രമിക്കുന്നു. അതിനാല്‍ മെഡിക്കല്‍ ഓക്‌സിജൻ അന്തര്‍ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും ഗതാഗത അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.