ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനത്തോട് അടുക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമോ കര്‍ഷകര്‍ക്ക് നീതിയോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. വളരെ വിചിത്രമായ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ആശ്വാസ നടപടികളില്ലെന്നും തണുപ്പിലും മഴയിലും പൊലീസിന്‍റെ ലാത്തിയും ടിയര്‍ ഗ്യാസ് പ്രയോഗങ്ങളും നേരിട്ട് അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും രാജ്യസഭ എംപി കൂടിയായ ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്‌തു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്‌ടിനെയും ആനന്ദ് ശര്‍മ വിമര്‍ശിച്ചു. കൊവിഡ് മഹാമാരിക്കിടെ സര്‍ക്കാരിന്‍റെ മുന്‍ഗണനകളില്‍ ഖേദിക്കുന്നുവെന്നും അനാവശ്യമായി പൊതുജനങ്ങളുടെ പണം പാഴാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്രം അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ ഒരു മാസത്തിലധികമായി പ്രതിഷേധം നടത്തുകയാണ്. കേന്ദ്രവും സര്‍ക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.