ചണ്ഡീഗഡ്: മെയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണില്‍ ഒരിളവും വരുത്തില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ കൊവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഏപ്രിൽ 20 മുതൽ ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ, പുസ്തക വിൽപ്പനക്കാർ, എയർകണ്ടീഷണറുകൾ കൈകാര്യം ചെയ്യുന്ന കടയുടമകൾ, മണൽ, ഖനനം, ക്വാറികള്‍ എന്നിവക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാന്‍ പ്രമാണിച്ച് പ്രത്യേക ഇളവുകളൊന്നും ഉണ്ടായിരിക്കില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ ഉറച്ച നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി എല്ലാ കലക്ടര്‍മാരോടും നിര്‍ദേശിച്ചു. സാമൂഹിക അകലത്തിന്‍റെ എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. റമദാന്‍ കാരണം പ്രത്യേക കർഫ്യൂ പാസുകൾ ജനങ്ങൾക്ക് നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക മേഖലയില്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവിന് പുറമെയുള്ള ഒരിളവും നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി. വിളവെടുപ്പ്, സംഭരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകള്‍ മാത്രമേ നിലനിര്‍ത്തുവെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തിന്‍റെ ഗ്രാമപ്രദേശങ്ങളിലും വ്യാവസായിക പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുണ്ട്. പത്തോ അതിലധികമോ വ്യക്തികളെ നിയമിച്ചുകൊണ്ട് വ്യവസായങ്ങള്‍ നടത്താന്‍ അനുമതി ഉണ്ട്. തൊഴിലാളികളുടെ താമസത്തിനും ഗതാഗതത്തിനും എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്.