കൊൽക്കത്ത: സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളില്‍ ഏതെങ്കിലും തരത്തിലുള്ള തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്ന കാര്യം നടക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സിലിഗുരിയില്‍ വെച്ച് നടന്ന ഭരണനിര്‍വഹണ യോഗത്തിലായിരുന്നു മമതയുടെ ഈ പ്രസ്താവന. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള പദ്ധതിയില്ലെന്ന് എല്ലാ ഉദ്യോഗസ്ഥരോടുമായി അവർ അറിയിച്ചു.
അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത് അവിടുത്തെ ബിജെപി സര്‍ക്കാരാണ്. പക്ഷെ ഇവിടെ ത്രിണമൂള്‍ കോണ്‍ഗ്രസാണ് സര്‍ക്കാരെന്നും അതുകൊണ്ടുതന്നെ പശ്ചിമബംഗാളിൽ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ അനുവധിക്കില്ലെന്നും സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കില്ലെന്നും മമത വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ ദേശീയ പൗരത്വ ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നെന്ന വസ്തുതയും അവര്‍ ഓര്‍മിപ്പിച്ചു. "പൗരന്മാരുടെ മതത്തെ ആധാരമാക്കി പൗരത്വ രജിസ്റ്ററേഷൻ നടപ്പാക്കാന്‍ പാടില്ലെന്ന് തൃണമൂല്‍ പാർലമെന്‍റിൽ പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ജനമുന്നേറ്റം സംഘടിപ്പിച്ച് അതിനെ തകര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത മിശ്ര പ്രഖ്യാപിച്ചിരുന്നു. തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇരുകൂട്ടരും പ്രതികരിച്ചത്.