ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളായ നേതാക്കളും തമ്മില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ അമിത് അഗ്‌നിഹോത്രിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഹരീഷ് റാവത്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ചോദ്യം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ 23 മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്ത് ഏറെ രാഷ്‌ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരായ നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
ഒരുപാട് ചെറുപ്പക്കാരെ നേതൃസ്ഥാനങ്ങളിലേക്കെത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ദിര ഗാന്ധിയുടെ കാലത്ത് ഒരുപാട് ചെറുപ്പക്കാര്‍ പാര്‍ട്ടിയിലേക്കെത്തിയിരുന്നു. കമല്‍ നാഥിനെപ്പോലെയുള്ള ഇന്നത്തെ കരുത്തനായ നേതാക്കൻമാരെ പാര്‍ട്ടിയിലെത്തിച്ചത് സഞ്ജയ് ഗാന്ധിയാണ്. പിന്നാലെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയപ്പോള്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക് എന്നിവര്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി. സത്യത്തില്‍ രാജീവ് ഗാന്ധിയുടെയും, സഞ്ജയ് ഗാന്ധിയുടെയും കാലത്ത് പാര്‍ട്ടിയിലെത്തിയ ഈ ചെറുപ്പക്കാരെല്ലാം ഇന്ന് രാജ്യത്തെ കരുത്തരായ നേതാക്കൻമാരാണ്. ഞങ്ങള്‍ക്ക് ശേഷം അവിനാഷ് പാണ്ഡേ, നേതൃനിരയിലേക്കെത്തി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായിരിക്കുന്ന സമയത്താണ് രാജീവ് സതവ് , ഗൗരവ് ഗൊഗോയ് തുടങ്ങിയ കഴിവുറ്റ ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ മുൻ നിരയിലേക്ക് എത്തിയത്.
പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരായ നേതാക്കളും തമ്മില്‍ യാതൊരു തര്‍ക്കങ്ങളുമില്ല. പുതിയ തലമുറയെ സ്വീകരിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും ഞങ്ങള്‍ തയാറാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടേത് പോല ചുരുക്കം ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ചെറിയ കാലഘട്ടത്തിനുള്ളില്‍ തന്നെ പാര്‍ട്ടിയില്‍ മികച്ച സ്ഥാനം ലഭിച്ചയാളാണ് സിന്ധ്യ. ഇപ്പോള്‍ എന്‍റെ കാര്യം തന്നെ നോക്കിയാല്‍ 1980ലാണ് ഞാൻ ആദ്യം എംപി ആകുന്നത്. ജ്യോതിരാധിത്യ സിന്ധ്യയുടെ പിതാവും ഞാനും ഒരേ സമയത്ത് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളുകളാണ്. തുടര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാൻ ഒരു മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് ചെയ്‌തത്. എന്നാല്‍ ആ ക്ഷമ കാണിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ തയാറായില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോയി. കുറച്ചു ക്ഷമ കാണിച്ചിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താമായിരുന്നു.
ചോദ്യം: പിന്നെ എന്തുകൊണ്ടാണ് കത്തെഴുതിയെന്ന കാരണത്താല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ ഗുലാം നബി ആസാദിനെ സംഘം ചേര്‍ന്ന് വിമര്‍ശിച്ചത്?
കത്തെഴുതിയല്ല ആ പ്രശ്‌നം. എന്നാല്‍ ആ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ നിരാശരാക്കിയത്. സത്യത്തില്‍ അവര്‍ക്ക് അത് വലിയ അത്ഭുതമായിരുന്നു. ആസാദ് വളരെ മുതിര്‍ന്ന ഒരു നേതാവാണ്. ആസാദ്, അഹമ്മദ് പട്ടേല്‍, അംബിക സോണി എന്നിവര്‍ക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനമാണുള്ളത്. ഞങ്ങളെല്ലാം അവരെ ബഹുമാനിക്കുന്നവരാണ്. ഞങ്ങള്‍ക്കുണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്ന നേതാക്കൻമാരാണ് ഇവര്‍. അപ്പോള്‍ കത്ത് പുറത്തായതിന് പിന്നില്‍ ആസാദാണെന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തതെന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെടുകയാണുണ്ടായത്.
സോണിയ ഗാന്ധിയെ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ആയിരുന്നു ആസാദ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പരിഗണക്കപ്പെട്ടേനെ. എന്നാല്‍ പാര്‍ട്ടിക്കെതിരെ നാനാഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായത് ഞങ്ങളെ വിഷമത്തിലാക്കി. ആ വിഷമമാണ് വര്‍ക്കിങ് കമ്മറ്റിയില്‍ വെളിപ്പെട്ടത്. ആസാദിനെതിരെ മാത്രമായിരുന്നില്ല അതിലുപരി കത്ത് പുറത്തായതിലായിരുന്നു ഞങ്ങള്‍ പ്രതിഷേധമുണ്ടായിരുന്നത്. എന്നാല്‍ എല്ലാവരുടെ ആശങ്കകള്‍ക്കും പരിഹാരം കാണുമെന്ന് സോണിയ ഗാന്ധി പറഞ്ഞതോടെ ആ പ്രശ്‌നങ്ങള്‍ അവസാനിച്ചു.
ചോദ്യം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ നിലപാട് എന്താണ്?
അദ്ദേഹം തിരിച്ചുവന്നാല്‍ ഉടന്‍ തന്നെ വര്‍ക്കിങ് കമ്മറ്റി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കും. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് സ്ഥാനമേറ്റെടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളുടെ മാത്രമല്ല പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും അങ്ങനെയാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ട്. ഇന്ന് രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ജനാധിപത്യ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. എല്ലാ പ്രശ്‌നങ്ങളിലും രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നുണ്ട്. മോദിക്ക് കൃത്യമായി മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. അനുഭവ പരിചയത്തിലൂടെ അദ്ദേഹം മികച്ച ഒരു നേതാവായി മാറിയിരിക്കുകയാണ്. രാഹുലിനെപ്പോലെ ചെറുപ്പക്കാരാനായ ഒരു പ്രതിപക്ഷ നേതാവിനെയാണ് രാജ്യം ആഗ്രഹിക്കുന്നത്.
ചോദ്യം: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ രണ്ട് വര്‍ഷമായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
അത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്. പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്നാണ് തെരഞ്ഞെടുപ്പുകള്‍ ആരംഭിക്കേണ്ടത്. രാഹുല്‍ ഗാന്ധി വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാകും. ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധിക്കേണ്ട ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കേണ്ടത്. സമയം വരുമ്പോള്‍ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കും.
ചോദ്യം: പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചോ?
സോണിയ ഗാന്ധിയുടെ പ്രസ്‌താവന വന്നതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. തെറ്റായ ഉദ്ദേശങ്ങള്‍ വച്ചല്ല ഗുലാം നബി ആസാദ് കത്തയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വരുന്ന ആറ് മാസത്തിനുള്ളില്‍ എഐഎസിസി യോഗം ചേരും. അതിന് മുമ്പ് രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വരെ മറ്റ് ചര്‍ച്ചകള്‍ക്കില്ല. പ്രതിപക്ഷത്തിന്‍റെ ധര്‍മം കൃത്യമായി നടപ്പാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.
ചോദ്യം: പക്ഷെ എന്തുകൊണ്ടാണ് ആക്രമണോത്സുകമായ ഒരു പ്രതിപക്ഷമായി പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തത്?
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന ശൈലിയുമായി ഒട്ടും തന്നെ യോജിച്ചു പോകാത്ത ഒരു അസ്വാഭാവികമായ രാഷ്ടീയ സ്ഥിതിയാണ് നമ്മള്‍ കണ്ടു വരുന്നത്. വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ രാഷ്ട്രീയത്തെ രണ്ട് തട്ടിലാക്കി മാറ്റുവാന്‍ കഴിഞ്ഞിരിക്കുന്നു ഭാരതീയ ജനതാ പാര്‍ട്ടിക്കും രാഷ്ട്രീയ സ്വയം സേവക സംഘത്തിനും. 2017-ല്‍ ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അത് നമ്മള്‍ കണ്ടതാണ്. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലൂടെ യുപി യില്‍ തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. അതേ പോലുള്ള പ്രതീക്ഷകള്‍ തന്നെയായിരുന്നു ഉത്തരാഖണ്ഡിലും ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ “ഖബറിസ്ഥാന്‍-ഷംഷാന്‍'' (മുസ്‌ലിമുകളുടെ ശ്മശാനം പണിതാല്‍ ഹിന്ദുക്കളുടെ ശ്മശാനവും പണിയണം തുടങ്ങിയ വർഗീയ പരാമർശങ്ങൾ ) പോലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരുവാന്‍ തുടങ്ങിയ പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പുകളെ ധ്രുവീകരിച്ചു. ഇക്കാരണത്താല്‍ ഞങ്ങള്‍ തോറ്റു. ആ വര്‍ഷം തന്നെ നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പൊതു വേദികളില്‍ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും പോലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധാകേന്ദ്രമായി മാറിയപ്പോള്‍ ഞങ്ങള്‍ അതി ശക്തമായ നിലയിലായിരുന്നു. അപ്പോഴാണ് 2019-ലെ ദൗര്‍ഭാഗ്യകരമായ പുല്‍വാമ ഭീകരാക്രമണം നടന്നത്. അതേ തുടര്‍ന്ന് ഉണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ബാലകോട്ട് ആക്രമണങ്ങളെ പ്രധാനമന്ത്രിയും മാധ്യമങ്ങളും ഒക്കെ പൊക്കി പിടിച്ച് നടക്കുകയും കോണ്‍ഗ്രസിനെ പാക് അനുകൂലികളായി ചിത്രീകരിച്ചു കാട്ടുകയും ഒക്കെ ചെയ്തത്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളായിരുന്നു അവയെല്ലാം. എല്ലാ മതങ്ങള്‍ക്കും തുല്യത നല്‍കുന്നതാണ് പരമ്പരാഗതമായ ഇന്ത്യന്‍ ആദര്‍ശങ്ങള്‍. എന്നാല്‍ വര്‍ഗ്ഗീയമായ രീതിയില്‍ രാജ്യത്തെ രണ്ടായി വിഭജിക്കുവാന്‍ ബി ജെ പി ക്ക് കഴിഞ്ഞു. അത്തരം ഒരു അപരിചിതമായ അവസ്ഥയിലാണ് ഞങ്ങള്‍ അകപ്പെട്ടതും, അതുകൊണ്ടാണ് 2019-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോല്‍ക്കുവാന്‍ ഇടയായതും.
ചോദ്യം: കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രവര്‍ത്തന ശൈലി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി മാറിയിട്ടുണ്ടോ?
ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രവര്‍ത്തന ശൈലി ഒരുപോലെ തുടര്‍ന്ന് വരികയാണ്. തുടര്‍ന്ന് രാജീവ്ഗാന്ധിയോ പി വി നരസിംഹ റാവുവോ സീതാറാം കേസരിയോ സോണിയാഗാന്ധിയോ രാഹുല്‍ഗാന്ധിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോഴും അത് മാറിയിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തില്‍ വിവിധ പദവികളില്‍ രാഹുല്‍, സോണിയക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും ഞങ്ങളുടെ പ്രവര്‍ത്തന ശൈലിയുമായോ ആഭ്യന്തര വ്യവസ്ഥകളുമായോ ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ പോയ വര്‍ഷങ്ങളില്‍ ഉണ്ടായ മാറ്റം രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ്. അത് തീര്‍ത്തും മലീമസമായിരിക്കുന്നു. കോണ്‍ഗ്രസിന് ഒട്ടും യോജിച്ച ഒന്നല്ല അത്.
ചോദ്യം: രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?
ജനങ്ങള്‍ മാറി ചിന്തിക്കുന്നതോടെ എല്ലാ സാഹചര്യങ്ങളും മാറും. തൊഴിലില്ലായ്മ അടക്കമുള്ള അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. ആര്‍എസ്‌എസ് മേധാവി മോഹൻ ഭാഗ്‌വതും, മോദിയും ചേര്‍ന്ന് നടത്തുന്ന വിഭജന രാഷ്‌ട്രീയത്തിന് മറുപടി പറയാൻ കോണ്‍ഗ്രസിന് മാത്രമെ കഴിയു. കോണ്‍ഗ്രസ് ശക്തമായി തിരിച്ച് വരുമ്പോള്‍ അതിനെ തടയാൻ ആര്‍ക്കും ആകില്ല.