ഭോപ്പാല്‍: പുതുതായി 184 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മധ്യപ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണം 1,771 ആയി. ഹോട്ട്സ്പോട്ടായ ഇൻഡോറില്‍ പുതുതായി 84 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അഞ്ച് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. അതില്‍ മൂന്ന് മരണങ്ങൾ ഇൻഡോറിലും രണ്ട് എണ്ണം ഖാർഗോണിലുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ മധ്യപ്രദേശില്‍ ആകെ കൊവിഡ് മരണം 85 ആയി ഉയര്‍ന്നു. ഇതില്‍ 55 മരണവും ഇൻഡോറിലാണ്.
ഇൻഡോര്‍ 84, ഉജ്ജൈൻ 35, ഭോപ്പാൽ 20, ഖാർഗോൺ 10 എന്നിങ്ങനെയാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകൾ. ഇൻഡോറില്‍ ആകെ 1,029 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ 323, ഉജ്ജൈനില്‍ 76, ഖാർഗോണില്‍ 51 എന്നതാണ് മറ്റ് ഇടങ്ങളിലെ കണക്കുകൾ. സംസ്ഥാനത്ത് ഇതുവരെ 203 പേര്‍ക്കാണ് രോഗം ഭേദമായത്. 1,483 പേരാണ് ചികിത്സയിലുള്ളത്. 33,074 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. രോഗബാധിത നഗരങ്ങളില്‍ 461 കണ്ടെയ്‌ൻമെന്‍റ് മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.