ഭുവനേശ്വർ: ഒഡീഷയിലെ കൊറാപുട്ട് എന്ന പിന്നോക്ക ജില്ല മലകളാലും കാടുകളാലും ചുറ്റപ്പെട്ട ആദിവാസികള്‍ കൂടുതലായി താമസിച്ചു വരുന്ന ഒരു മേഖലയാണ്. ഓരോ ദിവസവും ഈ ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതോപാധി കണ്ടെത്തുവാനും ജീവിക്കുവാനുമുള്ള പോരാട്ടത്തിന്‍റെയും ദിനങ്ങളാണ്. സ്വയം വരുമാനം കണ്ടെത്തി ജീവിക്കുവാന്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരാണ് ഇവിടുത്തെ ആദിവാസികള്‍. മൊബൈല്‍ ഫോണുകള്‍ തന്നെ ഒരു സ്വപ്നം മാത്രമായ ഒരു മേഖലയില്‍ പിന്നെ എങ്ങിനെ അവരുടെ കുട്ടികള്‍ അതിന്‍റെ സഹായത്തോടു കൂടി പഠനം മുന്നോട്ട് കൊണ്ടു പോകും? അവര്‍ക്കാര്‍ക്കും തന്നെ സ്മാര്‍ട്ട് ഫോണുകള്‍ ഇല്ല. പിന്നെ അവര്‍ എങ്ങിനെ സര്‍ക്കാര്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ സ്വീകരിച്ച് മനസ്സിലാക്കും? പിന്നെ എങ്ങിനെ അവര്‍ തങ്ങളുടെ പഠനത്തിനായി വാട്‌സാപ്പിന്റേയും മറ്റും സഹായം സ്വീകരിക്കും? ഈ ചോദ്യങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി കൊണ്ടു വന്നിട്ടുള്ളത്. വിദ്യാര്‍ഥികളുമായി വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിക്കുന്ന ഒരു പദ്ധതിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരിക്കുന്നത്.
അതേ സമയം തന്നെ വെറും 67 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭ്യമാകുന്നുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമ്മതിക്കുകയും ചെയ്യുന്നു. വാട്‌സാപ്പിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സര്‍ക്കാരിന്‍റെ പദ്ധതി ഒരു മരീചിക മാത്രമായി മാറിയിരിക്കുന്നു എന്ന് സമ്മതിക്കുകയല്ലാതെ തരമില്ല. 60 മുതല്‍ 70 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് ഈ സംവിധാനത്തിലൂടെ ഗുണം ലഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാമചന്ദ്ര നഹക് പറയുന്നു.