ന്യൂഡല്‍ഹി: നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശമുള്ളത്. കേസില്‍ നിയമാനുസൃതമായി അന്വേഷണം നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ ബോധിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിയ പണ്ഡിറ്റ് സമര്‍പ്പിച്ച പരാതിയിലാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
രാജ്യത്ത് കൊവിഡ് പടരാന്‍ ഒരു കാരണമായി തീര്‍ന്നത് തബ്‌ലീഗ് സമ്മേളനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശീയരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്കാണ് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുക വഴി കൊവിഡ് ബാധിച്ചത്. ജമാഅത്ത് ട്രസ്റ്റ് പണമിടപാടുകള്‍ നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ ആഴ്‌ച സിബിഐ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദിനെതിരെയും കേസെടുത്തിരുന്നു.