ചണ്ഡിഗഡ്: കൊവിഡ് കാലം സ്‌കൂളുകളില്‍ നിശബ്ദതയുടെ കാലമാണ്. ഈ മഹാമാരിയില്‍ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം വഴിമുട്ടുമ്പോൾ ഓൺലൈൻ പഠനത്തിനുള്ള സാധ്യതകളാണ് സർക്കാരുകൾ പരീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ഹരിയാനയിലെ സ്കൂൾ വിദ്യാഭ്യാസം പൂർണമായും നിലച്ചു. ഈ സാഹചര്യത്തില്‍ എജ്യുസാറ്റ്, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, വാട്‌സാപ്പ് അടക്കമുള്ള എല്ലാ ഓൺലൈൻ സാധ്യതകളും ഹരിയാന വിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കുന്നുണ്ട്. പക്ഷേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂഹ് ജില്ലയില്‍ സ്ഥിതി വ്യത്യസ്തമാണ്. ടെലിവിഷനും ഇന്‍റർനെറ്റും ആൻഡ്രോയിഡ് ഫോണുകളുമില്ലാത്ത നൂഹ് ജില്ലയിലെ ബഹുഭൂരിപക്ഷം കുട്ടികളും പഠനത്തിന് വഴിയില്ലാതെ പ്രതിസന്ധിയിലാണ്.
നൂഹ് ജില്ലയില്‍ 61 ശതമാനം വിദ്യാര്‍ഥികള്‍ ഓണ്‍ലൈൻ വഴി പഠനം നടത്തുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഇടിവി ഭാരത് സംഘം നടത്തിയ അന്വേഷണത്തില്‍ ബഹുഭൂരിപക്ഷം വീടുകളിലും വൈദ്യുതി തന്നെ ലഭ്യമായിട്ടില്ല. സാമ്പത്തിക പരാധീനതയില്‍ ടെലിവിഷനും ഇന്‍റർനെറ്റ് സൗകര്യങ്ങളും ഇവർക്ക് സ്വന്തമാക്കാനായിട്ടില്ലെന്നും കണ്ടെത്തി. നഗരങ്ങളില്‍ ഓൺലൈൻ പഠനം സാധ്യമാകുന്നുണ്ടെങ്കിലും ഗ്രാമങ്ങൾ ഇന്നും ദരിദ്രവും പഠനത്തില്‍ പിന്നാക്ക അവസ്ഥയിലുമാണ്.