ന്യൂഡൽഹി: ദേശാടന പക്ഷികൾ കൊറോണ വൈറസ് വാഹകരാണെന്ന പ്രചാരണത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇത്തരം പ്രചരണങ്ങളിലൂടെ ആളുകളിൽ ഭയം സൃഷ്‌ടിക്കുക മാത്രമാണ് സംഭവിക്കുന്നതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. വന്യമൃഗങ്ങളിലെ ദേശാടന ഇനങ്ങളുടെ സംരക്ഷണത്തിനായുള്ള പതിമൂന്നാമത് കൺവെൻഷൻ ഗുജറാത്തിൽ അടുത്തയാഴ്‌ച നടക്കാനിരിക്കെയാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 13-ാമത് സിഒപി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുക. 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.
ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിനുള്ള സുപ്രധാന നടപടിയാണ് 13-ാമത് സിഒപി കൺവെൻഷനിലൂടെ യാഥാർഥ്യമാകുന്നത്. 'അതിഥി ദേവോ ഭവ' എന്നതാണ് കൺവെൻഷന്‍റെ പ്രമേയം. ദേശാടന സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഭാരത സർക്കാർ സ്വീകരിക്കുെമന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.