പനാജി: ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും നിരുത്സാഹപ്പെടുത്തുകയും പൊതു സ്ഥലങ്ങളിൽ പാചകം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന നിദേശങ്ങൾ ഉൾക്കൊണ്ട ടൂറിസം നയത്തെ പ്രശംസിച്ച് ടൂറിസം മന്ത്രി മനോഹർ അഗ്‌നോക്കർ.
കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രി ഗോവയുടെ പ്രകൃതി സൗന്ദര്യവും സംസ്ഥാനത്തിന്‍റെ പൈതൃകവും പ്രോത്സാഹിപ്പിക്കലുമാണ് ടൂറിസം നയത്തിന്‍റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
തങ്ങൾക്ക് നല്ല വിനോദസഞ്ചാരികളെ വേണം. മയക്കുമരുന്നിനെയും മയക്കുമരുന്ന് ഉപയോഗിക്കുന്ന വിനോദസഞ്ചാരികളെയും തങ്ങൾക്ക് ആവശ്യമില്ല.വഴിയോരത്ത് ഭക്ഷണം പാകം ചെയ്യുന്നവരെയും തങ്ങൾ ആഗ്രഹിക്കുന്നില്ല. ഇവ ഗോവ ടൂറിസത്തിന്‍റെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
വിനോദ സഞ്ചാരികൾ വലിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും പൊതു സ്ഥലങ്ങളിലും ഫുട്പാത്തുകളിലും തങ്ങി പാചകം ചെയ്യുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിയമസഭയിൽ ചർച്ചാവിഷയമായിരുന്നെന്നും മന്ത്രി പറഞ്ഞു.