ന്യൂഡല്‍ഹി: ജീവിത ശൈലി രോഗങ്ങളുടെ പേരില്‍ വൈകല്യ പെന്‍ഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ശാരീരിക ക്ഷമതയുള്ളവരായി ജോലിയില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കും. കരസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജവാന്‍മാര്‍ക്കും നല്‍കുന്ന വൈകല്യ പെന്‍ഷന്‍ തമ്മിലുളള അന്തരം വളരെ വലുതാണെന്നും അവര്‍ക്കിടയില്‍ വിവേചനം ഉണ്ടാകാതിരിക്കാനും പ്രവര്‍ത്തിക്കുമെന്നും ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.
വൈകല്യ പെന്‍ഷന്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ ധന മന്ത്രാലയം തീരുമാനമെടുത്തപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സേവന ദൈര്‍ഘ്യത്തിലുടനീളം ശാരീരിക ക്ഷമതയുള്ളവരായിരിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന നടപടികളെടുക്കുമെന്നും സേന അറിയിച്ചു.