പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് ശുചീകരണ തൊഴിലാളികൾ കാണിച്ചത് തികഞ്ഞ അനാദരവ്. പുതുച്ചേരിയിലാണ് സംഭവം. തുണിയിൽ പൊതിഞ്ഞ മൃതദേഹം കോർപ്പറേഷൻ തൊഴിലാളികൾ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. വനപ്രദേശത്താണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര രീതിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ച ആദ്യ വ്യക്തിയാണിദ്ദേഹം.
ജൂൺ നാലിനാണ് 44കാരനായിരുന്ന ഇദ്ദേഹം മരിച്ചത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബന്ധുക്കൾ ഏറ്റെടുത്തില്ല. തുടർന്ന് സർക്കാർ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ ശവസംസ്കരിക്കാന്‍ തയ്യാറാവുകയായിരുന്നു. കൊവിഡ് ഭീതിയെ തുടർന്നാണ് തൊഴിലാളികൾ മൃതദേഹം വലിച്ചെറിഞ്ഞതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു. മൃതദേഹങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു.