ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ തുടരുന്നതിനിടെ വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇത് സംബന്ധിച്ച് കൃത്യ സമയത്ത് അറിയിപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിച്ചു കഴിഞ്ഞാൽ വിമാന നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
'വൈറസിന്‍റെ വ്യാപനം നിയന്ത്രിച്ചുവെന്നും അത് നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ഒരു അപകടവും ഉണ്ടാക്കില്ലെന്ന് ഉറപ്പായാൽ വിമാന നിയന്ത്രണങ്ങളും പിൻവലിക്കും.' പുരി ട്വീറ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നിയന്ത്രണം നീക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.