ന്യൂഡൽഹി: കർഷകരുമായി ചർച്ച തുടരുമെന്ന് ഉറപ്പുനൽകിയ ബിജെപി സർക്കാരിന്‍റെ വാക്കുകളിൽ വിശ്വാസമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരാമർശിച്ചാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരുമായി എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും നിയമം ഒരു വർഷം നടപ്പാക്കാൻ കർഷകർ അനുവദിക്കണമെന്നും മോദി പറഞ്ഞിരുന്നു. ബില്ലുകൾ മുൻകൂട്ടി ചർച്ച ചെയ്യാതെ പാസാക്കിയതുൾപ്പെടെയുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതിനാൽ കർഷകരുമായി ചർച്ച നടത്താമെന്ന് മോദി സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്ന് യെച്ചൂരി ട്വീറ്റിൽ പറഞ്ഞു.
കർഷകരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച നടത്തി പരിഹരിക്കാൻ കേന്ദ്രം സന്നദ്ധമാണെന്ന് മോദി പറഞ്ഞിരുന്നു. പുതിയ നിയമങ്ങൾ വഴി എപിഎംസി-മണ്ഡി സമ്പ്രദായം ഇല്ലാതാകുമെന്ന് പറയുന്ന പ്രതിപക്ഷ പാർട്ടികൾ ഇവയൊന്നും കേരളത്തിൽ ഇല്ലെന്ന കാര്യം ആവർത്തിച്ച് മറക്കുന്നു. കേരളത്തിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം നടത്താത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ബില്ലുകൾ നിരസിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ഗവർണർ അനുവദിക്കാതിരുന്നതിനെതിരെ കേരളത്തിൽ പ്രതിഷേധം നടക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.