ഷിംല: ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് പൂർണമായി അറിയാമെന്നും രാജ്യത്ത് നുഴഞ്ഞുകയറ്റം അനുവദിക്കില്ലെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ പല സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റംഗ് നള തുടങ്ങി നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഏപ്രിൽ- മെയ് മുതൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കമുണ്ട്.
അഞ്ച് ലഫ്റ്റനന്‍റ് ജനറൽ തല ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്ഥിതി ഗതികളിൽ ഇതുവരെ പുരോഗതിയില്ല.
അതേസമയം, പശ്ചിമ മേഖലയിലെ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും സമാധാനപരമായ സംഭാഷണത്തിലൂടെ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.