പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നവംബര്‍ 16ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ഏഴാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയെന്ന പദവി നിതീഷ് കുമാറിന് സ്വന്തമാകാന്‍ പോകുന്നത്. ഇതില്‍ നാല് വട്ടമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം മുഴുവന്‍ സമയ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുടേയും ജെഡിയുവിന്‍റെയും മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്.
ഗവര്‍ണറെ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും നിതീഷ്കുമാർ. 17 വർഷവും 52 ദിവസവും ഈ പദവി വഹിച്ചിരുന്ന ശ്രീകൃഷ്ണ സിങ്ങാണ് ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചത്.
2000 മാർച്ച് 3നാണ് നിതീഷ് കുമാര്‍ ആദ്യമായി ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഭൂരിപക്ഷമില്ലാത്തതിനാൽ രാജിവയ്‌ക്കേണ്ടി വരികയായിരുന്നു. 2005 നവംബർ 24ന് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2010 നവംബർ 26നായിരുന്നു മൂന്നാമതായി അദ്ദേഹം ബീഹാർ മുഖ്യമന്ത്രിയായത്. 2015 ഫെബ്രുവരി 22ന് നാലാം തവണ മുഖ്യമന്ത്രിയായി.
2015 നവംബർ 20ന് ആർജെഡിയുമായുള്ള സഖ്യത്തോടെ അഞ്ചാമതും മുഖ്യമന്ത്രിയായി. ആർജെഡിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ ശേഷം 2017 ജൂലൈ 27 ന് അദ്ദേഹം ആറാം തവണ മുഖ്യമന്ത്രിയായി. ഇത്തവണ കൂടി മുഖ്യമന്ത്രിയാവുന്നതോടെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ബിഹാര്‍ ഭരിക്കുന്ന ആളാവും നിതീഷ് കൂമാര്‍.