പട്‌ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് അസാദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎം. ന്യൂനപക്ഷ വിഭാഗത്തിന് ആവശ്യമായ സഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പരാജയപ്പെട്ടു. വിവിധ സര്‍ക്കാര്‍ ജോലികളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാൻ നിതീഷ് കുമാറിന് കഴിഞ്ഞില്ലെന്നും ന്യൂനപക്ഷ വിഭാഗത്തിന്‍റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ നിതീഷ് സർക്കാർ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എഐഎംഐഎം ബീഹാര്‍ യൂണിറ്റ് പ്രസിഡന്‍റ് അക്തറുൾ ഇമാൻ പറഞ്ഞു.
രംഗനാഥ് മിശ്ര കമ്മീഷനിലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ന്യൂനപക്ഷ വിഭാഗത്തിന്‍റെ അവസ്ഥ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ബീഹാര്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ന്യുനപക്ഷകാരുടെ പ്രാതിനിധ്യം ആറ് ശതമാനത്തില്‍ താഴെയാണെന്നും ഇമാൻ ആരോപിച്ചു. ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള കിശൻഗൻജ് ജില്ലയില്‍ അലിഗര്‍ മുസ്ലിം സര്‍വകലാശാലയുടെ വിപുലീകരണത്തിന് നേരത്തേ അനുമതി ലഭിച്ചിരുന്നു എന്നും എഐഎംഐഎം നേതാവ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗം എന്നും വിദ്യാഭ്യാസമില്ലാത്തവരായിരിക്കണമെന്നും ചെറിയ ജോലികളില്‍ ഒതുങ്ങണമെന്നാണ് നിതീഷ് കുമാറിന് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജോലികളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശതമാനം എത്രയുണ്ടെന്ന് ധവളപത്രത്തിലൂടെ വെളിപ്പെടുത്താൻ ഇമാൻ ബിഹാർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.