പുൽവാമ ഭീകരാക്രമണത്തിനായി ചാവേർ ഉപയോഗിച്ച കാറിന്‍റെ ഉടമയെ എൻഐഎ സംഘം തിരിച്ചറിഞ്ഞു. ദക്ഷിണ കശ്മീരിലെ ബിജാബാരയിലുളള സജാദ് ഭട്ടിന്‍റേതാണ് വാഹനം . ഇയാള്‍ അടുത്തിടെ ജയ്ഷെ മുഹമ്മദിൽ ചേർന്നതായും എൻഐഎ കണ്ടെത്തി.
ഭീകരാക്രമണക്കേസിൽ നിർണായക കണ്ടെത്തലാണ് എൻഐഎയുടേത്. സംഭവം നടന്ന സ്ഥലത്ത് ഓട്ടോ മൊബൈൽ, ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ വാഹനത്തിന്‍റെ ഏഞ്ചിൻ നമ്പർ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമയിലേക്കെത്തിയത്.
2011 ൽ കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലുളള ജലീൽ അഹമ്മദ് ഹഖാനി വാങ്ങിച്ച വാഹനം ഏഴോളം പേരിലൂടെ കടന്നാണ് സജാദ് ഭട്ടിലെത്തിയത്. ഫെബ്രുവരി നാലിനാണ് ഇയാള്‍ കാർ വാങ്ങിയതെന്നാണ് വിവരം. ശനിയാഴ്ച സജാദിന്‍റെ വീട്ടിൽ പൊലീസും എൻഐഎയും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സജാദ് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിൽ ചേർന്നെന്നാണ് റിപ്പോർട്ട്. ഇയാള്‍ തോക്കുമായി നിൽക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിലുണ്ട്