ചെന്നൈ: രാജ്യാന്തര ഭീകര സംഘടനയായ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ രേഖ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ ശേഖരിച്ച കേസില്‍ അറസ്റ്റിലായ 12 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2019 ല്‍ പുഴലില്‍ ഹിന്ദു മുന്നണി നേതാവിന്‍റെ കൊലപാതക കേസില്‍ അറസ്റ്റിലായ കാജാ മൊയ്‌തീന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് എന്‍ഐഎ ചൊവ്വാഴ്‌ച കുറ്റപത്രം സമര്‍പ്പിച്ചത്.
2019 ഡിസംബര്‍ 28 ന് എയര്‍ടെല്‍ സിമ്മുകള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ശേഖരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി കാഞ്ചീപുരം പ്രാദേശിക സെയില്‍സ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. ദക്ഷണേന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരെന്ന് കരുതുന്ന കാജാ മൊയ്‌തീനിന്‍ അടക്കമുള്ളവരിലേക്ക് അന്വേഷണം എത്തി. ഇയാള്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ഇടവേളയിലാണ് വീണ്ടും പിടിയിലാകുന്നത്. ഇത്തരത്തില്‍ വോഡഫോണ്‍ സിം കാര്‍ഡുകളും വ്യാജ രേഖകള്‍ ഉപയോഗിച്ച് ശേഖരിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു.
പച്ചയപ്പന്‍, എ. രാജേഷ്, അന്‍പരസന്‍, അബ്‌ദുള്‍ റഹിം, ലിയാകാന്ത് അലി, മൊഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മൊഹമ്മദ് സെയ്‌ദ്, ഇജാസ് പാഷ, ഹുസൈന്‍ ഷാരിഫ്, മെഹ്‌ബൂബ് പാഷ എന്നിവരാണ് മറ്റ് പ്രതികള്‍.