ഹൈദരാബാദ്: ദിശ പീഡനക്കേസിലെ പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മെഹബൂബ് നഗറിലെ ചതൻപള്ളി സന്ദർശിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘം ഹൈദരാബാദിൽ എത്തി. ദിശയെ കൊലപ്പെടുത്തി കത്തിച്ച സ്ഥലവും അധികൃതർ സന്ദർശിക്കും. അതിനുശേഷം പ്രതികളുടെ മൃതദേഹങ്ങൾ പരിശോധിക്കാൻ സംഘം മെഹബൂബ് നഗർ ജില്ലാ ആശുപത്രിയിലേക്ക് പോകും.
പ്രതികളുടെ കുടുംബാംഗങ്ങളെ കാണുമെന്നും അധികൃതർ അറിയിച്ചു. പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈദരാബാദിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കണമെന്ന് ഡയറക്‌ടർ ജനറലിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. കസ്റ്റഡി മരണങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ പ്രതികരിച്ചു.