ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15 ന് നടന്ന പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.എസ്.പി. മന്‍സില്‍ സൈനിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ച സര്‍വകലാശാലയിലെത്തി വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ കമ്മിഷന് മൊഴി നല്‍കി. അന്വേഷണ കാലാവധി ജനുവരി 14 മുതല്‍ 17 വരെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ക്യാമ്പസ് സന്ദര്‍ശിക്കും.
പൊലീസ് അക്രമത്തിന് പിന്നാലെ മനുഷ്യവകാശ കമ്മിഷന്‍ അംഗങ്ങള്‍ ക്യാമ്പസില്‍ എത്തി മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് വിലയിരുത്തിയിരുന്നു. ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് അനധികൃതമായി വിദ്യാര്‍ഥികളെ തടഞ്ഞുവെച്ചെന്നും വൈദ്യസഹായവും നിയമ സഹായവും നിരസിച്ചെന്നും ആരോപിച്ച് കമ്മിഷന് ലഭിച്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.