ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത മൂന്ന് മാസം നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍. വരാനിരിക്കുന്ന ഉത്സവകാല സീസണിലും, തണുപ്പിലും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്‌താല്‍ കൊവിഡിനെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വിശകലന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിനെ പോലെ വലിയ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കൊവിഡിനെ നേരിടാന്‍ ലളിതമായ മുന്‍കരുതല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കണം. മാസ്‌ക് ധരിക്കുന്നതും പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നതും, കൈകളുടെ ശുചിത്വം പാലിക്കുന്നതും തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊവിഡ് കണക്കുകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതിദിനം 95000 കേസുകള്‍ സ്ഥിരീകരിച്ചയിടത്തു നിന്നും ദിവസം 55000 കേസുകളെന്ന നിലയിലേക്ക് എത്താന്‍ കഴിഞ്ഞു. 90 ശതമാനത്തിനടുത്താണ് നിലവില്‍ ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്കും കുറയുകയാണ്. മരണനിരക്ക് 1.51 ശതമാനത്തില്‍ നിന്നും 1 ശതമാനത്തില്‍ താഴെയാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ 7 ലക്ഷത്തില്‍ താഴെയാണ് കൊവിഡ് രോഗികളുടെ എണ്ണം. ഇതുവരെ 10 കോടിയിലധികം സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചെന്നും നിലവില്‍ 2000 ലാബുകളാണ് രാജ്യമെമ്പാടും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ശരാശരിയേക്കാളും കുറവാണ് യുപിയിലെ മരണനിരക്കായ 1.46 ശതമാനം. സംസ്ഥാനത്ത് കൊവിഡ് മുക്തി നിരക്ക് 92.2 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.