പുതിയ വിദ്യാഭ്യാസ നയത്തില്‍ ഒട്ടേറെ പുതിയ നീക്കങ്ങള്‍ ഉണ്ട്. ഒന്നിലധികം വിഷയങ്ങളിലൂടെയുള്ള സമീപനം, ബിരുദ തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞു പോകുവാനുള്ള അവസരം, എം ഫില്‍ പൂര്‍ണമായും ഒഴിവാക്കല്‍ എന്നിങ്ങനെയുള്ളവ അതില്‍ ഉള്‍പ്പെടുന്നു. പക്ഷെ ഈ നയത്തിന് നിയമപരമായ പിന്തുണയോ ഉറപ്പായുള്ള നടപടികളോ ഇല്ലാ എന്നാണ് ഹൈദരാബാദിലെ എന്‍.എ.എല്‍.എസ്.എ.ആര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായ ഡോക്ടര്‍ ഫൈസാല്‍ മുസ്തഫ പറയുന്നത്. അദ്ദേഹം. ഇ.ടി.വി ഭാരതിന്‍റെ കൃഷ്ണാനന്ദ് ത്രിപാഠിയുമായി നടത്തിയ ഒരു എക്‌സ്‌ക്ലൂസീവ് സംഭാഷണത്തില്‍ പുതിയ നയം അമേരിക്കന്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ ചുവട് പിടിച്ച് കൊണ്ടുള്ളതാണെങ്കിലും അതേ പോലുള്ള സ്വയം ഭരണം ഇതിനില്ല എന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.
ചോ: പുതിയ വിദ്യാഭ്യാസ നയം 2020-നെ കുറിച്ചുള്ള താങ്കളുടെ ആദ്യ അഭിപ്രായം എന്താണ്?
ഉ: ഞാന്‍ മുന്‍പ് ഒഡിഷയിലെ നിയമ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. അതിനു മുന്‍പ് കിഴക്കന്‍ ഇന്ത്യയിലെ വളരെ പ്രശസ്തമായ സ്ഥാപനമായ ലോ സ്‌കൂള്‍ ഓഫ് കെ ഐ ഐ ടിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. ശാസ്ത്രം, കല, സംഗീതം എന്നിവയെ ഒക്കെ വ്യത്യസ്തമായ വിഷയങ്ങളായി കണക്കാക്കുക എന്നുള്ളത് ഒരു പഴഞ്ചന്‍ ആശയമാണ്. എന്നിട്ടും ഇപ്പോളും നമ്മുടെ രാജ്യം സമഗ്രമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി പൂര്‍ണമായും തയ്യാറായിട്ടില്ല. ഒരു ദശാബ്ദത്തിലേറെയായി ഞാന്‍ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വിഷയം ഏതായാലും ശരി, അവയിലൊക്കെയും അറിവ് കുടി കൊള്ളുന്നുണ്ട്. അതിനാല്‍ സമഗ്രമായ ഒരു സമീപനത്തോട് എനിക്ക് ഏറെ സന്തോഷമേയുള്ളൂ. ഈ സമീപനം കൈകൊണ്ടതിന് ഞാന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അതിപ്പോഴും അറിവിനെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ചുവട് അകലെ നില്‍ക്കുകയാണ്.
കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ ഉണ്ടായ മൂന്നാമത്തെ വിദ്യാഭ്യാസ നയമാണ് ഇത്. മുന്‍ സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല എന്നത് ഇതില്‍ നിന്ന് മനസ്സിലാകും.
എന്നിരുന്നാലും ഈ നയവും ഒരു നിയമമല്ല. അത് സര്‍ക്കാരിന്റെ ആഗ്രഹം സംബന്ധിച്ച ഒരു പ്രസ്താവനയാണ്. അതോടൊപ്പം തന്നെ തങ്ങള്‍ക്ക് ലഭിച്ച ജനവിധിക്ക് അപ്പുറത്തേക്ക് നീളുന്ന ഒരു ദീര്‍ഘകാല വീക്ഷണം കെട്ടി പടുക്കുന്നതിനായുള്ള മോദി സര്‍ക്കാരിന്റെ സമീപനത്തിന് അടിസ്ഥാനമാക്കിയുള്ളതാണ്.
ചോ: വിവിധ തരത്തിലുള്ള സര്‍വകലാശാലകള്‍ എന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിക്കുവാന്‍ പോവുകയാണ് ഈ നയം. അതൊരു നല്ല നീക്കമാണോ?
ഉ: ഈ പ്രശ്‌നം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മോദി സര്‍ക്കാര്‍ രൂപീകൃതമായപ്പോള്‍ രാജ്യത്തെ ഏതാണ്ട് 150 ഓളം വരുന്ന കല്‍പ്പിത സര്‍വകലാശാലകളോട് ഈ ഒരു കല്‍പ്പിത സര്‍വകലാശാല എന്ന പേര് അത്ര ശരിയല്ല എന്ന് പറയുകയുണ്ടായി. അതിനാല്‍ അവര്‍ ഒരു ഉത്തരവ് ഇറക്കി. സുപ്രീം കോടതിയും അത് അംഗീകരിച്ചു. അത് രാജ്യത്തെ എല്ലാ കല്‍പ്പിത സര്‍വകലാശാലകളുടേയും കടലാസുകളും അച്ചടി ഉപകരണങ്ങളും വീണ്ടും അച്ചടിക്കുന്നതിലേക്ക് നയിച്ചു.
രാജ്യത്ത് സര്‍വകലാശാലകള്‍ രൂപീകരിക്കുന്നതിന് മൂന്ന് വഴികളാണുള്ളത്. കേന്ദ്ര നിയമത്തിലൂടെ കേന്ദ്ര സര്‍വകലാശാലകള്‍ രൂപീകരിക്കാം. സംസ്ഥാന നിയമത്തിലൂടെ സംസ്ഥാന സര്‍വകലാശാലകളും രൂപീകരിക്കാം. മൂന്നാമത്തെ വഴി യു.ജി.സിയുടെ ശുപാര്‍ശകള്‍ പ്രകാരം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒരു സര്‍വകലാശാല രൂപീകരിക്കാം എന്നുള്ളതാണ്.
ഇതിനുള്ള നിര്‍ദേശങ്ങള്‍ യു.ജി.സി നിയമത്തിന്റെ വകുപ്പ്-3 പ്രകാരമാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ ഇവയെ എല്ലാം വകുപ്പ്-3 സര്‍വകലാശാലകള്‍ എന്ന് വിളിക്കാം. ഈ കല്‍പ്പിത സര്‍വകലാശാലകള്‍ക്കൊന്നും തന്നെ നിയമപരമായ പിന്തുണയില്ല. അതിനാല്‍ യു.പി.എ സര്‍ക്കാര്‍ അവയോട് വകുപ്പ്-3 സര്‍വകലാശാല എന്ന് അവയെ വിശേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവയോട് കല്‍പ്പിത സര്‍വകലാശാലകള്‍ എന്ന് മാത്രം സ്വയം വിശേഷിപ്പിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
നമുക്ക് വിവിധ തരത്തിലുള്ള സര്‍വകലാശാലകള്‍ ഉണ്ട്. അവയെ എല്ലാം ഒരു നിശ്ചിത തരത്തിലുള്ള സര്‍വകലാശാല എന്ന് വര്‍ഗ്ഗീകരിക്കുന്നത് അനുയോജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.
ചോ: ചില കോളജുകള്‍ക്ക് സ്വയം ഭരണ ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്ന പദവിയും അനുവദിക്കുന്നുണ്ട് ഈ നയം. ഇത് ശരിയായ തീരുമാനമാണോ?
ഉ: ഈ നയം തികച്ചും യു.എസ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നുള്ള സ്വാധീനം ഏറെ ഉള്‍കൊണ്ടിട്ടുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു. യു എസില്‍ നിരവധി കോളജുകള്‍ക്ക് ബിരുദങ്ങള്‍ നല്‍കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ചില ബ്രിട്ടീഷ് കോളജുകള്‍ക്കും ഇങ്ങനെ ബിരുദങ്ങള്‍ നല്‍കാനുള്ള അനുമതി ഉണ്ട്. ഇത് ഒരു നല്ല നീക്കം തന്നെയാണ്.
ഇവിടെ പ്രശ്‌നം നമ്മുടെ ഉന്നത വിദ്യാഭ്യാസം അമിതമായി നിയന്ത്രിക്കപ്പെട്ടതും ആവശ്യത്തിന് പണമില്ലാത്തതുമാണ്. ഈ നയം വളരെ ലഘുവായ പക്ഷെ ശക്തമായ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഒരു നിയന്ത്രണം ശക്തമാണെങ്കില്‍ പിന്നെ അത് ലഘുവായിരിക്കില്ല. അമിതാധികാരമുള്ള നിയന്ത്രകരിലൂടെ നിങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വയം ഭരണമുണ്ടാകില്ല. നമ്മള്‍ വിശ്വാസം വികസിപ്പിച്ചെടുക്കുകയും നമ്മുടെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വയം ഭരണാവകാശം നല്‍കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. യഥാര്‍ത്ഥത്തിലുള്ള സ്വയം ഭരണം ഉണ്ടാകുന്നില്ല. നമ്മള്‍ അമേരിക്കന്‍ സമ്പ്രദായമാണ് പിന്തുടരുന്നതെങ്കില്‍ അവര്‍ നല്‍കുന്നത് പോലുള്ള സ്വയം ഭരണാവകാശവും നല്‍കേണ്ടതുണ്ട്.
ചോ: വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഉപേക്ഷിച്ച് പോകുവാന്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ അവസരം നല്‍കുന്നതിനെ കുറിച്ച് താങ്കള്‍ എന്തു കരുതുന്നു?
ഉ: ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഒന്നോ രണ്ടോ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് അവര്‍ക്ക് ഡിപ്ലോമ നല്‍കാമല്ലോ. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദം നല്‍കട്ടെ. നാലാം വര്‍ഷ വിദ്യാര്‍ഥികളെ ഗവേഷണത്തിലേക്കും നയിക്കാം. പക്ഷെ ഈ നയം ഒരു നിയമമല്ല. അതിനാല്‍ വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ രീതിയിലായിരിക്കും ഇത് നടപ്പാക്കുക.
ഇന്ന് യു.ജി.സി ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍വകലാശാലകളെ അവരുടെ ബിരുദങ്ങള്‍ക്ക് പേരു നല്‍കാന്‍ പോലും അനുവദിക്കാത്ത തലത്തില്‍ ആ നിയന്ത്രണമുണ്ട്.
ചോ: ഇതൊരു നയമായി കഴിഞ്ഞതിനാലും എന്നാല്‍ നിയമമല്ലാത്തതിനാലും തങ്ങളുടേതായ നയങ്ങളും നിയമങ്ങളും രൂപം നല്‍കാന്‍ അത് സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ടോ?
ഉ: ഭരണഘടനാ പ്രകാരം വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ കൊണ്ടു വരാൻ സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണം നടത്താവുന്നതാണ്. അതിനാല്‍ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയവും സംസ്ഥാനത്തിന്റെ നിയമവും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ തീര്‍ച്ചയായും സംസ്ഥാന നിയമമായിരിക്കും വിജയിക്കുക. എന്നാല്‍ ഇതിനായി ഒരു കേന്ദ്ര നിയമമുണ്ടെങ്കില്‍ അത് സംസ്ഥാന നിയമത്തിനു മേല്‍ വിജയം വരിക്കും.
ചോ: യു.പി.എ സര്‍ക്കാരിന്റെ കാര്യത്തില്‍ ഓരോ അവകാശങ്ങള്‍ക്കും നിയമത്തിന്റേതായ ഒരു പിന്തുണ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിനുള്ള അവകാശം, വിവരാവകാശം, വിദ്യാഭ്യാസ അവകാശം. അതുകൊണ്ട് ഈ നയം നിയമപരമായ പിന്തുണ ഇല്ലാത്തതിനാല്‍ ദുര്‍ബലമാവുമോ?
ഉ: ഇത് ഒരു നയമാണ്, നിയമമല്ല. പക്ഷെ സര്‍ക്കാര്‍ ഒരു മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കും. പക്ഷെ കാലം കഴിയുന്തോറും കാര്യങ്ങള്‍ പലതും മാറുന്നുണ്ട്. ഉദാഹരണത്തിന് പ്രതിപക്ഷത്തായിരിക്കുന്ന സമയത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതിന് എതിരായിരുന്നു എന്‍.ഡി.എ. ഇന്നിപ്പോള്‍ അധികാരത്തിലായതോടെ അവര്‍ വിദേശ സര്‍വകലാശാലകളെ ഇവിടേക്ക് കൊണ്ടു വരുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. അതിനാല്‍ ഒരു വൈരുദ്ധ്യം ഇവിടെ ഉണ്ട്.
നിരവധി അവകാശങ്ങള്‍ക്ക് നിയമപരമായ രൂപഘടന നല്‍കി യു പി എ എന്നു പറയുന്നത് ശരിയാണോ? പക്ഷെ അതിലും ചില കുറവുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് വിദ്യാഭ്യാസ അവകാശം 15 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. മാത്രമല്ല പ്രീ സ്‌കൂളിനെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അതിനാല്‍ പ്രീ സ്‌കൂളിനെ ഉള്‍പ്പെടുത്തുകയും പ്രായപരിധി 18 വരെ ഉയര്‍ത്തുകയും ചെയ്തതിന് ഞാന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
ചോ: ഈ നയം എംഫില്‍ വേണ്ടെന്ന് വെച്ചിരിക്കുന്നു. അത് ഒരു നല്ല നീക്കമാണോ?
ഉ: അത് ഒരു സ്വാഗതാര്‍ഹമായ ചുവടാണെന്ന് ഞാന്‍ കരുതുന്നു. പി.എച്ച്.ഡി ചെയ്യുന്നതിനു മുന്‍പായി എംഫില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ല. ബി.എക്ക് ശേഷം പി.എച്ച്.ഡി ചെയ്യുവാന്‍ അനുവദിക്കുകയാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍ ബി ടെക് പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ യു എസില്‍ പി.എച്ച്.ഡിക്ക് പ്രവേശനം നേടുന്നുണ്ട്. അതിലൂടെ അവര്‍ക്ക് എം.എസ് ഡിഗ്രിയും ലഭിക്കുന്നു. എന്‍.എ.എല്‍.എസ്.എ ആറില്‍ ഞങ്ങള്‍ ബിരുദ കോഴ്‌സിന് ശേഷം നേരിട്ട് പി.എച്ച്.ഡി അനുവദിക്കുന്നുണ്ടോ? അമേരിക്കന്‍ മാതൃകയില്‍ നിന്നും പലതും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അമേരിക്കയില്‍ യു.ജി.സി പോലെയുള്ള നിയന്ത്രണ സ്ഥാപനങ്ങള്‍ ഒന്നും ഇല്ല.
ചോ: പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്താണ് വിട്ടു പോയിരിക്കുന്നത് എന്ന് താങ്കള്‍ കരുതുന്നത്?
ഉ: ഈ നയത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തുക, വൈവിദ്ധ്യത എന്നിങ്ങനെയൊക്കെയുള്ള നിരവധി ഘടകങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ സംവരണത്തിന് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് അതൊന്നും പറയുന്നില്ല. നമ്മുടെ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളുടെ കാര്യത്തിലായാലും അദ്ധ്യാപകരുടെ കാര്യത്തിലായാലും, വൈസ് ചാന്‍സലറുടെ കാര്യത്തിലായാല്‍ പോലും നമ്മുടെ സമൂഹത്തിന്റെ വൈവിദ്ധ്യത പ്രതിഫലിപ്പിക്കേണ്ടതുണ്ട്. വളരെ കുറച്ച് ദളിത് പ്രൊഫസര്‍മാരേയും വൈസ് ചാന്‍സലര്‍മാരേയും മാത്രമാണ് നമുക്ക് കാണാന്‍ കഴിയുക. വകുപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ കുറിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലകള്‍ അടിസ്ഥാനമാക്കിയുള്ള സംവരണം പുനരുജ്ജീവിപ്പിച്ച് കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ. നയങ്ങളില്‍ വളരെ ഉറപ്പോടു കൂടിയുള്ള നടപടികള്‍ കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.