ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ വിവിഐപികളുടെ വിദേശയാത്രകള്‍ക്ക് ഇനി മിസൈല്‍ പ്രതിരോധ സംവിധാനവും സുരക്ഷയേകും. മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിച്ച എയര്‍ ഇന്ത്യ വണ്‍ ദീർഘദൂര ബോയിങ് 777 വിമാനങ്ങള്‍ അടുത്ത വര്‍ഷം ജൂണോടെ സജ്ജമാകുമെന്നാണ് സൂചന. മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്‌സ് വണ്ണിന്’ തുല്യമാകും എയർ ഇന്ത്യ വണ്ണും.
എയര്‍ ഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന തരത്തില്‍ അമേരിക്കയുടെ സഹായത്തോടെ എയര്‍ ഇന്ത്യ വണ്ണും നവീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി 1350 കോടി രൂപ ചെലവഴിച്ച് ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (SPS) എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോട് വാങ്ങുന്നത്. വിൽപനക്ക് യുഎസ് കോൺഗ്രസ് കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു.
മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് ഡാലസിലുള്ള ബോയിങ് കമ്പനിയുടെ ആസ്ഥാനത്താണ്. ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ബോയിങ് 777 എയർ ഇന്ത്യ വണ്ണിൽ ഉൾപ്പെടുത്തും. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവിൽ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു. വിവിഐപി യാത്രകൾക്കായി എയർ ഇന്ത്യ 44 പൈലറ്റുമാരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയുടെ എയര്‍ഫോഴ്സ് വണ്‍
അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്‍ പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് അറിയപ്പെടുന്നത്. രണ്ട് നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാനും സാധിക്കും. വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സാ സൗകര്യങ്ങൾ, ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറയ്ക്കാം, എത്രനേരവും ആകാശത്ത് തുടരാം, ആണവ സ്ഫോടനത്തിന്‍റെ ആഘാതം പോലും ഏല്‍ക്കില്ല എന്നിങ്ങനെ നീളുന്നു പ്രത്യേകതകള്‍.