കാഠ്മണ്ഡു: പ്രദേശത്തിന്‍റെ സുസ്ഥിരതയും ലോകസമാധാനവും കണക്കിലെടുത്ത് സൗഹൃദ അയൽ രാജ്യങ്ങളായ ഇന്ത്യയും ചൈനയും യഥാർഥ നിയന്ത്രണ രേഖയിലെ അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേപ്പാൾ.
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈന്യം തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് നേപ്പാളിന്‍റെ പ്രസ്താവന. രണ്ട് ഏഷ്യൻ ഭീമൻമാർക്കിടയിലുള്ള ഹിമാലയൻ രാഷ്ട്രം എല്ലായ്‌പ്പോഴും പ്രാദേശികവും ലോകസമാധാനത്തിനും വേണ്ടി ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം നല്ല അയൽവാസിയുടെ മനോഭാവത്തിൽ പരിഹരിക്കപ്പെടുമെന്നും നേപ്പാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്ന് നേപ്പാൾ കരുതുന്നു. തന്ത്രപരമായി പ്രധാനപ്പെട്ട മൂന്ന് ഇന്ത്യൻ മേഖലകൾ ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കുന്ന പ്രക്രിയ നേപ്പാൾ സർക്കാർ പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ കരസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണിത്