ഡെറാഡൂണ്‍: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നേപ്പാള്‍ റേഡിയോ എഫ്‌എം ചാനലുകളിലൂടെ ഇന്ത്യൻ വിരുദ്ധ പ്രചാരണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കാലാപാനി, ലിപുലേക്ക്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ നേപ്പാളിന്‍റേതാണ് എന്നടക്കമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ത്യയുടെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിവാദ ഭൂപട ബില്ല് നേപ്പാള്‍ പാസാക്കിയിരുന്നു.
നയ നേപ്പാള്‍, കാലാപാനി റേഡിയോ, മല്ലികാര്‍ജുന്‍ റേഡിയോ എന്നീ എഫ്‌എം റേഡിയോകളും അന്നപൂര്‍ണ്ണ എന്ന വെബ്‌സൈറ്റുമാണ് കാലാപാനി ഉള്‍പ്പെടെയുടെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്‍റെയാണെന്ന പ്രചാരണത്തില്‍ സജീവമാകുന്നത്. എഫ്‌എം സ്റ്റേഷനുകളുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളായ ധര്‍ചുല, ബാലുകോട്ട്, കലിക തുടങ്ങിയ പ്രദേശങ്ങളില്‍ ഈ എഫ്‌എം റേഡിയോ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. റേഡിയോ വഴി കാലാപാനി, ലിപുലേക്ക്, ലിംപിയാധുര എന്നീ പ്രദേശങ്ങളുടെ കാലാവാസ്ഥയും രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം എഫ്എം റേഡിയോ ചാനലുകൾ വഴി നേപ്പാൾ ആരംഭിച്ച ഇന്ത്യൻ വിരുദ്ധ പ്രചാരണത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് ജില്ലാ ഭരണകൂടവും പൊലീസും അറിയിച്ചത്.