ന്യൂഡൽഹി: ലോക്ക്ഡൗൺ നീങ്ങിയതിന് ശേഷം കൊവിഡ് പ്രതിരോധത്തോടൊപ്പം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളിൽ മാർഗ്ഗനിർദേശങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മോദി പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ രാജ്യത്തിന് കഴിഞ്ഞതിനാൽ ലോക്ക്ഡൗൺ പ്രഖ്യാപനം ഗുണപരമായ ഫലങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ കൊവിഡിന്‍റെ ആഘാതം വരും മാസങ്ങളിൽ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ മാസ്കുകളും ഫെയ്സ് കവറുകളും ആളുകളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറണം. നിലവിലെ സാഹചര്യങ്ങളിൽ ദ്രുത പ്രതികരണം ഉറപ്പാക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം.
ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, പിഎംഒ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരിൽ അരവിന്ദ് കെജ്‌രിവാൾ (ഡൽഹി), ഉദവ് താക്കറെ (മഹാരാഷ്ട്ര), ഇ. കെ. പളനിസ്വാമി (തമിഴ്‌നാട്), കോൺറാഡ് സംഗ്മ (മേഘാലയ) ത്രിവേന്ദ്ര സിങ്ങ് റാവത്ത് (ഉത്തരാഖണ്ഡ്), യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്) എന്നിവരും ഉൾപ്പെടുന്നു.