ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് (എൻസിആർബി) കുറ്റവാളികളെ തിരിച്ചറിയാൻ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ( ഓട്ടോമാറ്റിക് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (എഎഫ്‌ആർഎസ്) ) ഉപയോഗിക്കാനുള്ള അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. കുറ്റവാളികളെയും അജ്ഞാത മൃതദേഹങ്ങളെയും തിരിച്ചറിയുന്നതിന് ഓട്ടോമാറ്റിക് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം സഹായകരമാകും. ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയാണ് ബുധനാഴ്ച പാർലമെന്‍റില്‍ ഇക്കാര്യം അവതരിപ്പിച്ചത്.
ഓട്ടോമാറ്റിക് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം, നിയമ നിർവഹണ ഏജൻസികൾക്ക് മാത്രമേ ലഭ്യമാകൂ. കുറ്റവാളികളെയും അജ്ഞാത മൃതദേഹങ്ങളെയും കാണാതായ ആളുകളെയുമൊക്കെ എളുപ്പത്തില്‍ തിരിച്ചറിയാൻ ഇത് സഹായിക്കും. ജനങ്ങളുടെ സ്വകാര്യതയെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഹനിക്കുകയില്ലെന്നും മന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. അതേസമയം 2014 മുതലുള്ള കണക്കുകൾ പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ സ്ഥിതിഗതികളില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ട്. 2013നെ അപേക്ഷിച്ച് കലാപ സംഭവങ്ങളില്‍ 70 ശതമാനവും സിവിലിയൻ അപകടങ്ങളിൽ 80 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്ന് റെഡ്ഡി പറഞ്ഞു.